ഒഡീഷയിലെ പാരദീപ് തുറമുഖത്ത് രണ്ട് ഡ്രൈ ബൾക്ക് ബെർത്തുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലേലം സ്വന്തമാക്കി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). പാരദീപ് തുറമുഖത്തെ സിക്യു-1 (CQ-I), സിക്യു-2 (CQ-II) ബെർത്തുകൾക്കായുള്ള ലെറ്റർ ഓഫ് അവാർഡ് (LoA) കമ്പനിക്ക് ലഭിച്ചു. ഈ പദ്ധതിയിലൂടെ പ്രതിവർഷം 18 മില്യൺ മെട്രിക് ടൺ (MMT) പുതിയ ശേഷി കൂടി ലഭ്യമാകുന്നതോടെ, എപിഎസ്ഇസിയുടെ ആകെ ശേഷി 671 MMTPA ആയി ഉയരും. 2030ഓടെ 1 ബില്യൺ ടൺ ചരക്കു കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ഈ പുതിയ നേട്ടം കമ്പനിയെ സഹായിക്കും.

പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ 30 വർഷത്തെ കൺസഷൻ കാലയളവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക യാന്ത്രിക സംവിധാനങ്ങളും ആഴത്തിലുള്ള ബെർത്തുകളും വലിയ തോതിലുള്ള സംഭരണ സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഇന്ത്യയിലെ രണ്ടാമത്തെ വലിയ തുറമുഖമായ പാരദീപിൽ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ, കിഴക്കൻ, മധ്യ ഇന്ത്യയിലെ ഉരുക്കു നിർമ്മാണശാലകൾക്കും ഖനന മേഖലകൾക്കും തടസ്സമില്ലാത്ത ലോജിസ്റ്റിക്സ് സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിക്കുമെന്ന് എപിഎസ്ഇസി സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി.
Adani Ports wins a 30-year concession for two dry bulk berths at Odisha’s Paradip Port, adding 18 MMT capacity to strengthen East India logistics.
