ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രയർ (Embraer) ഇന്ത്യയിലെ തങ്ങളുടെ ഉത്പാദന സംവിധാനങ്ങളും പ്രാദേശിക വിതരണ ശൃംഖല കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുന്നു. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളോട് അനുബന്ധമായി രാജ്യത്ത് എയറോസ്ട്രക്ചർ അസംബ്ലി, ഘടകഭാഗങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള സാധ്യതകളാണ് കമ്പനി തേടുന്നത്. ഇതിന്റെ ഭാഗമായി എംബ്രയർ ഗവൺമെന്റ് റിലേഷൻസ് ഗ്ലോബൽ ഹെഡ് ജോസ് സെറാഡോർ നെറ്റോ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ചകൾ നടത്തി.

ഇന്ത്യൻ കമ്പനികളെ തങ്ങളുടെ ആഗോള എയ്റോസ്പേസ് സപ്ലൈ ചെയിന്റെ ഭാഗമാക്കാനും, ഇന്ത്യയെ ഒരു പ്രധാന ആഗോള നിർമ്മാണ കേന്ദ്രമാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.  വിമാന വിൽപനയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യയിൽ പ്രാദേശിക പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മഹീന്ദ്ര, ഭാരത് ഫോർജ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളുമായി എംബ്രയർ ഇതിനോടകം സഹകരണത്തിൽ എത്തിയിട്ടുണ്ട്.

ഇതിനുപുറമെ, അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസുമായി ചേർന്ന് രാജ്യത്ത് ഇ175 (E175) റീജിയണൽ ജെറ്റുകൾക്കായി ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കമ്പനി പരിശോധിക്കുന്നുണ്ട്. വിമാന നിർമ്മാണത്തിന് പുറമേ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സേവനങ്ങളും പൈലറ്റ് പരിശീലന സൗകര്യങ്ങളും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതികൾ ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും.

Brazilian aircraft manufacturer Embraer plans to expand manufacturing and set up a final assembly line in India under the Make in India initiative.

Share.
Leave A Reply

Exit mobile version