രാജ്യത്തെ ഡീപ്ടെക് (DeepTech) സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരെയും വ്യവസായ വിദഗ്ധരെയും നേരിൽ കാണാൻ വഴിയൊരുക്കി ‘പിവറ്റ് 2026’ (PIVOT 2026) ഉച്ചകോടി സെപ്റ്റംബർ 18, 19 തീയതികളിൽ കൊച്ചിയിൽ നടക്കും. ഐ.ഐ.എം കോഴിക്കോടിന്റെ ബിസിനസ് ഇൻകുബേറ്ററായ ‘ഐ.ഐ.എം.കെ ലൈവ്’ (IIMK LIVE) സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ദേശീയ ഉച്ചകോടി, കൊച്ചി സ്മാർട്ട്സിറ്റിയിലുള്ള ലുലു ഐ.ടി ട്വിൻ ടവേഴ്സ് അമെനിറ്റി ടവർ ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. ഫ്യൂച്ചർ ടെക് വികസിപ്പിക്കുന്ന ആയിരത്തിലധികം സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉച്ചകോടിയിൽ ഒത്തുചേരും.
എ.ഐ, റോബോട്ടിക്സ്, സ്പേസ് ടെക്നോളജി, സെമികണ്ടക്ടറുകൾ, ക്ലൈമറ്റ്ടെക്, ഹാർഡ്വെയർ, ബയോടെക് തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് ഐഡിയേഷൻ സ്റ്റേജിൽ നിന്ന് (Prototype) വാണിജ്യ അടിത്തറയുള്ള വൻകിട കമ്പനികളായി വളരാനുള്ള അവസരമാണ് പിവറ്റ് ഒരുക്കുന്നത്. ഇന്ത്യ എ.ഐ മിഷൻ, ശാസ്ത്ര സാങ്കേതിക വകുപ്പ് (DST), നിതി ആയോഗ് തുടങ്ങിയ സർക്കാരേതര സ്ഥാപനങ്ങൾക്കൊപ്പം മൈക്രോസോഫ്റ്റ്, എ.ഡബ്ല്യു.എസ്, ക്വാൽകോം, വാൾമാർട്ട് ഗ്ലോബൽ ടെക് എന്നീ ആഗോള മുൻനിര കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.
ബ്ലൂം വെഞ്ചേഴ്സ്, യൂണികോൺ ഇന്ത്യ വെഞ്ചേഴ്സ്, സ്പെഷ്യൽ ഇൻവെസ്റ്റ്, സമാറ ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കാനും സ്റ്റാർട്ടപ്പുകൾക്ക് സകര്യമുണ്ടാകും. കേവലം ഒരു സ്റ്റാർട്ടപ്പ് സംഗമത്തിനപ്പുറം ‘ഡോണ്ട് ജസ്റ്റ് പിച്ച് ദി ഫ്യൂച്ചർ, ബിൽഡ് ഇറ്റ്’ (Don’t just pitch the future. Build it) എന്ന സന്ദേശമുയർത്തി, ഡീപ്ടെക് സംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും വിപണി പ്രവേശനവും സാമ്പത്തിക നിക്ഷേപവും ഒരുക്കുന്ന നിർണായക ഇക്കോസിസ്റ്റമായി ഈ ഉച്ചകോടി മാറും
PIVOT 2026, IIMK LIVE, DeepTech Startups Kochi, SmartCity Kochi, Venture Capital Investment, AI and Robotics Startups, SpaceTech India, ClimateTech, Startup Funding Kochi, Kerala Startup Ecosystem
