സംസ്കരിച്ച മനുഷ്യവിസർജ്യം ഉപയോഗിച്ച് സാധാരണ കോൺക്രീറ്റിനേക്കാൾ കൂടുതൽ ബലമുള്ള പുതിയ തരം കോൺക്രീറ്റ് വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ജയ്പൂർ മണിപാൽ സർവകലാശാലയിലെ സിവിൽ എൻജിനീയർ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. വോങ്കാലിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്ന് ശേഖരിച്ച മനുഷ്യമാലിന്യത്തിൽ നിന്ന് തയ്യാറാക്കിയ ‘ബയോചാർ’ (biochar) ആണ് ഇതിനായി ഉപയോഗിച്ചത്.

ഓക്സിജൻ തീരെ കുറഞ്ഞ അന്തരീക്ഷത്തിൽ ജൈവവസ്തുക്കൾ ചൂടാക്കി ഉണ്ടാക്കുന്ന കാർബൺ അടങ്ങിയ വസ്തുവാണ് ബയോചാർ. സംസ്കരിച്ച മലിനജല അവശിഷ്ടങ്ങൾ 350 മുതൽ 450 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കി പൊടിച്ചാണ് ഇത് തയ്യാറാക്കിയത്. കോൺക്രീറ്റിലെ സിമന്റിന് പകരമായി 5%, 10%, 15% എന്നിങ്ങനെ ഈ ബയോചാർ ചേർത്ത് പരിശോധിച്ചു. ഇതിൽ 5 ശതമാനം ബയോചാർ ചേർത്ത കോൺക്രീറ്റിന്റെ ബലം വർദ്ധിച്ചപ്പോൾ, 10 ശതമാനം ചേർത്തപ്പോൾ ഫ്ലെക്സറൽ ബലം 42 ശതമാനം വരെ വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ അളവ് 15 ശതമാനമായി കൂട്ടിയപ്പോൾ കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെടുകയും മൊത്തത്തിലുള്ള ബലം കുറയുകയും ചെയ്തു.
ഈ പുതിയ സാങ്കേതികവിദ്യ യഥാർത്ഥ നിർമ്മാണങ്ങളിൽ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. തീവ്രമായ താപനില പോലുള്ളവയോടുള്ള കോൺക്രീറ്റിന്റെ പ്രതിരോധശേഷിയും, മലിനജല വസ്തുക്കളിൽ നിന്ന് ഘനലോഹങ്ങൾ പുറന്തള്ളപ്പെടാനുള്ള സാധ്യതയും ഇനിയും പഠിക്കേണ്ടതുണ്ട്. എങ്കിലും, മാലിന്യങ്ങൾ പുനരുപയോഗിച്ച് നിർമ്മാണ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Indian researchers at Manipal University Jaipur develop stronger concrete by incorporating treated human waste biochar as a partial cement replacement.