സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജ ഉൽപ്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളും വൻതോതിൽ വ്യാപിപ്പിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കോർ റെൻ എക്സ്പോ 2026ഉം എനർജി കോൺക്ലേവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എയർകണ്ടീഷണറുകൾ, ഫാനുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം കൂടിയതോടെ കഴിഞ്ഞ വർഷം 4,000 മെഗാവാട്ടായിരുന്ന വൈദ്യുതി ആവശ്യം ഇപ്പോൾ 1,200 മെഗാവാട്ട് വർധിച്ച് 5,200 മെഗാവാട്ടായി ഉയർന്നതായി മന്ത്രി പറഞ്ഞു.

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമേ സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ എന്നും ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് 4.29 രൂപ നിരക്കിലുള്ള 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കപ്പെട്ടത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. യൂണിറ്റിന് 10 രൂപ നൽകാൻ തയ്യാറായാലും വിപണിയിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഈ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലവൈദ്യുത പദ്ധതികൾക്ക് പരിമിതികളുള്ളതിനാലും താപനിലയങ്ങൾ ഇല്ലാത്തതിനാലും സൗരോർജ്ജമാണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗം.
പകൽസമയത്ത് സുലഭമായി ലഭിക്കുന്ന സൗരോർജ്ജം രാത്രികാലങ്ങളിലും ലഭ്യമാക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി എറണാകുളം ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ സൗരോർജ്ജ-ബാറ്ററി സംഭരണ പദ്ധതി സ്ഥാപിക്കും. ഇതിനുള്ള ഭൂമിയും മറ്റ് ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കാസർഗോഡ്, മലപ്പുറം ജില്ലകളിലും സമാനമായ പദ്ധതികൾ പുരോഗമിക്കുകയാണെന്നും, പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലാത്തതിനാൽ ജനങ്ങൾ പരമാവധി സൗരോർജ്ജവും ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും ഉപയോഗിച്ച് സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
To tackle its soaring electricity crisis, Kerala plans a major expansion of solar energy and battery storage systems, including a 500 MW facility in Brahmapuram.
