ഇന്ത്യയുടെ ആദ്യ ഫോർമുല 1 ഡ്രൈവറായ നരേൻ കാർത്തികേയൻ റേസിങ് ട്രാക്കിൽ നിന്ന് സംരംഭകത്വത്തിലേക്ക് ചുവടുമാറ്റിയും ശ്രദ്ധനേടുകയാണ്. അദ്ദേഹത്തിന്റെ ‘ഡ്രൈവ് എക്സ്’ (DriveX) എന്ന കമ്പനി ഇന്ന് വലിയൊരു മുന്നേറ്റമാണ് നടത്തിയത്. ഉപയോഗിച്ച ഇരുചക്ര വാഹന വിപണിയെ കൂടുതൽ മികച്ച രീതിയിൽ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 2020-ൽ ബെംഗളൂരു ആസ്ഥാനമായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ സംരംഭം.

പരമ്പരാഗതമായി വ്യക്തികളിൽ നിന്നും പ്രാദേശിക ഡീലർമാരിൽ നിന്നും മാത്രം വാങ്ങിയിരുന്ന ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾക്ക് കൃത്യമായ സർട്ടിഫിക്കേഷൻ, റിഫർബിഷ്മെന്റ്, ഫിനാൻസിങ്, റീട്ടെയിൽ സേവനങ്ങൾ എന്നിവ നൽകി ഡ്രൈവ് എക്സ് വിപണിയിൽ ശ്രദ്ധ നേടി. പ്രമുഖ വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർസ് (TVS Motor) ഈ കമ്പനിയിൽ വൻ നിക്ഷേപം നടത്തുകയും പിന്നീട് ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയും ചെയ്തതോടെ സ്ഥാപനത്തിന്റെ വളർച്ച കൂടുതൽ വേഗത്തിലായി.
രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിച്ച ഡ്രൈവ് എക്സ്, ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും പുറമെ അടുത്തിടെ എ.ഐ (AI) സാങ്കേതികവിദ്യയോടെയുള്ള ഇരുചക്ര വാഹനം കണ്ടെത്താനുള്ള പ്ലാറ്റ്ഫോമും എൻഡ്-ടു-എൻഡ് ആർ.ടി.ഒ സേവനങ്ങളും അവതരിപ്പിക്കുകയുണ്ടായി.
2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 60.8 കോടി രൂപയായി ഉയർന്നു. നൂറുകോടിയിലധികം രൂപ വിപണി മൂല്യമുള്ള ഈ കമ്പനി ഇതുവരെ 40,000-ലധികം വാഹനങ്ങൾ വിൽക്കുകയും രാജ്യത്തുടനീളം നിരവധി സ്റ്റോറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. എഫ് 1 ട്രാക്കിൽ വേഗതയുടെ ചരിത്രമെഴുതിയ നരേൻ കാർത്തികേയൻ ഇന്ന് ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയിൽ സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.
India’s first Formula 1 driver Narain Karthikeyan achieves remarkable entrepreneurial success with DriveX, a pre-owned two-wheeler startup backed by TVS Motor with a valuation crossing ₹100 crore.
