പ്രമുഖ വാഹന ഘടക നിർമ്മാതാക്കളായ ഹീറോ മോട്ടോഴ്സിന്റെ (Hero Motors) 1,000 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വിൽപ്പന (IPO) ഇന്ന് ആരംഭിച്ച് 18-ന് സമാപിക്കും. ഓഹരി ഒന്നിന് 79-84 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ ആരംഭിക്കുന്നതിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് കമ്പനി 300 കോടി രൂപ സമാഹരിച്ചു.

സോസെറ്റെ ജനറൽ, ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി, പ്രശാന്ത് ജെയിനിന്റെ 3പി ഇന്ത്യ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകരാണ് ഇതിൽ പങ്കാളികളായത്. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ ഇഷ്യുവും, പ്രൊമോട്ടർമാരായ ഒ പീ മുഞ്ജൽ ഹോൾഡിങ്സ്, ഹീറോ സൈക്കിൾസ് എന്നിവരുടെ 400 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നതാണ് ഈ ഐപിഒ.
സമാഹരിക്കുന്ന ഫണ്ടിൽ നിന്ന് 190 കോടി രൂപ കടം വീട്ടുന്നതിനും, 200 കോടി രൂപ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലുള്ള നിർമ്മാണ യൂണിറ്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കും. ബാക്കി തുക പുതിയ ഏറ്റെടുക്കലുകൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. ബിഎംഡബ്ല്യു, ഡുക്കാട്ടി തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകൾ ഉപഭോക്താക്കളായുള്ള ഈ കമ്പനിയുടെ ഐപിഒ മാനേജർമാരായി ഐസിഐസിഐ സെക്യൂരിറ്റീസ്, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ്, ജെഎം ഫിനാൻഷ്യൽ എന്നിവർ പ്രവർത്തിക്കുന്നു.
Hero Motors raises ₹300 crore from anchor investors prior to launching its ₹1,000-crore IPO comprising a fresh share issue and an Offer for Sale
