ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തിയ ഇരു നേതാക്കളും, മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പരസ്പര സഹകരണം തുടരുമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് (BRICS) അധ്യക്ഷതയ്ക്ക് യുഎഇ പ്രസിഡന്റ് പ്രധാനന്ത്രിയെ അഭിനന്ദിച്ചു. ഒപ്പം അദ്ദേഹം മോദിക്ക് ജന്മദിനാശംസകൾ നേരുകയും ചെയ്തു.

ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പുതിയ നടപടികളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായുള്ള (ADNOC) ദീർഘകാല LNG വിതരണ കരാറുകളും ക്രൂഡ് ഓയിൽ ശേഖരണവും ഉൾപ്പെടെയുള്ള ഊർജ സഹകരണങ്ങൾ ഇതിൽ നിർണായകമാണ്. പരമ്പരാഗത സൈനിക സഹകരണത്തിനപ്പുറം പ്രതിരോധ വ്യവസായം, നൂതന സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ എന്നിവയിലേക്കും ഇരു രാജ്യങ്ങളുടെയും പ്രതിരോധ പങ്കാളിത്തം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക നിക്ഷേപ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നിട്ടുണ്ട്. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഫലമായി 2025-26 കാലയളവിൽ ഇന്ത്യ-യുഎഇ വ്യാപാരം 101.2 ബില്യൺ ഡോളറായി ഉയർന്നു. യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും പ്രധാന പങ്കുവ വഹിക്കുന്നുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA) ഉൾപ്പെടെയുള്ളവയുടെ നിക്ഷേപങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളുമായും പശ്ചിമേഷ്യയുമായും ഇന്ത്യ നടത്തുന്ന വിശാലമായ ബന്ധങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ച വിലയിരുത്തപ്പെടുന്നത്. ഊർജ സുരക്ഷ, നിക്ഷേപം, പ്രാദേശിക സ്ഥിരത എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇരു രാജ്യങ്ങളും നടത്തുന്ന നിരന്തരമായ ഇടപെടലുകൾ ആഗോള തലത്തിലും ശ്രദ്ധേയമായിട്ടുണ്ട്. ഭാവിയിലും പരസ്പര സഹകരണത്തിലൂടെ സാമ്പത്തിക വളർച്ചയും സുസ്ഥിരവികസനവും കൈവരിക്കാൻ ഈ കൂടിക്കാഴ്ച പുതിയ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PM Narendra Modi and UAE President Sheikh Mohamed bin Zayed Al Nahyan discussed West Asia regional peace, energy ties, and trade cooperation in a high-level call

Share.
Leave A Reply

Exit mobile version