കേരളത്തിലെ റെയിൽവേ വികസന പ്രവർത്തനങ്ങളും പദ്ധതി പുരോഗതിയും ചർച്ച ചെയ്യാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെ എം.പിമാരുടെ യോഗം വിളിച്ചുചേർത്തു. 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിനുള്ള റെയിൽവേ വിഹിതം മുൻകാലങ്ങളെ അപേക്ഷിച്ച് പത്തിരട്ടിയായി വർദ്ധിപ്പിച്ച് 3,795 കോടി രൂപയാക്കിയതായി മന്ത്രി യോഗത്തിൽ അറിയിച്ചു. 2014-ന് മുൻപ് കേരളത്തിന് ലഭിച്ചിരുന്നത് 372 കോടി രൂപ മാത്രമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ വർധിച്ച നിക്ഷേപം സംസ്ഥാനത്ത് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിലെ റെയിൽവേ ശൃംഖലയുടെ നൂറുശതമാനം വൈദ്യുതീകരണവും, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ 16 സ്റ്റേഷനുകളുടെ നവീകരണവും, 131 ഫ്ലൈഓവറുകളും അണ്ടർപാസുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ 20,000 കോടി രൂപയിലധികം മൂല്യമുള്ള വൻകിട റെയിൽവേ പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിൽ 9 മൾട്ടി ട്രാക്കിംഗ്, പുതിയ പാത പദ്ധതികൾ, 145 ഫ്ലൈഓവറുകൾ/അണ്ടർപാസുകൾ, 19 സ്റ്റേഷൻ പുനർവികസന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. 2014 മുതൽ ഇതുവരെ 4,316 കോടി രൂപ ചെലവിൽ 670 കിലോമീറ്റർ വരുന്ന 6 പ്രധാന ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റൽ പദ്ധതികൾ കേരളത്തിൽ പൂർത്തിയായിട്ടുണ്ട്. അമ്പലപ്പുഴ-ഹരിപ്പാട് (18 കി.മീ, 346 കോടി രൂപ), ചെങ്ങന്നൂർ-ചിങ്ങവനം (27 കി.മീ, 436 കോടി രൂപ), കുറുപ്പന്തറ-ചിങ്ങവനം (27 കി.മീ, 749 കോടി രൂപ), തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അങ്കമാലി-ശബരിമല പുതിയ പാത (116 കി.മീ, 3,801 കോടി രൂപ), എറണാകുളം-കുമ്പളം ഇരട്ടിപ്പിക്കൽ (8 കി.മീ), തിരുവനന്തപുരം-കന്യാകുമാരി ഇരട്ടിപ്പിക്കൽ (87 കി.മീ) തുടങ്ങി ഭാവിയിലെ വളർച്ച മുന്നിൽക്കണ്ടുള്ള നിരവധി പുതിയ പദ്ധതികളും അംഗീകരിച്ചിട്ടുണ്ട്. മംഗളൂരു-ഷൊർണൂർ (307 കി.മീ), ഷൊർണൂർ-എറണാകുളം (106 കി.മീ), തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങൾ ഉൾപ്പെടെ ആറ് മേഖലകളിലായി 800 കിലോമീറ്ററിലധികം വരുന്ന മൂന്നും നാലും വരി പാതകളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടിനായുള്ള സർവേ ജോലികളും പുരോഗമിക്കുകയാണ്.
അതേസമയം, സംസ്ഥാനത്തെ പല പദ്ധതികളും ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കാരണം പ്രതിസന്ധി നേരിടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 4,786 കോടി രൂപ ചെലവഴിച്ച് 136 റോഡ് ഓവർ ബ്രിഡ്ജുകൾ (ROB), 8 റോഡ് അണ്ടർ ബ്രിഡ്ജുകൾ (RUB), 1 കാൽനട സബ്‌വേ എന്നിവ ഉൾപ്പെടുന്ന 145 ആർ.ഒ.ബി/ആർ.യു.ബി നിർമ്മാണങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ഇതിൽ 52 എണ്ണത്തിന്റെ നിർമ്മാണം ഭൂമി ഏറ്റെടുക്കൽ വൈകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ പദ്ധതികൾക്കായി ആകെ 618 ഹെക്ടർ ഭൂമിയാണ് വേണ്ടത്. ഇതുവരെ 78 ഹെക്ടർ (13 ശതമാനം) മാത്രമാണ് ഏറ്റെടുക്കാനായത്; ബാക്കി 540 ഹെക്ടർ (87 ശതമാനം) ഭൂമി കൂടി ഏറ്റെടുക്കാനുണ്ട്. ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ ഇതിനോടകം 1,976 കോടി രൂപ കേരള സർക്കാരിന് കൈമാറിയിട്ടുണ്ട്. അങ്കമാലി-ശബരിമല പുതിയ പാതയ്ക്കായി 304 ഹെക്ടർ ആവശ്യമുണ്ടെങ്കിലും 25 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്.
യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പുരോഗതിയാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ മംഗളൂരു, കാസർകോട്, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 6 വന്ദേ ഭാരത് സർവീസുകളും കൂടാതെ 6 അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 180-ലധികം പുതിയ സ്റ്റോപ്പുകൾ അനുവദിക്കുകയും കഴിഞ്ഞ 2 വർഷത്തിനിടയിൽ 22 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
Railway Minister Ashwini Vaishnaw highlights ₹20,000 crore worth of railway development projects in Kerala, detailing funding increases, track expansions, and land acquisition challenges.
