വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോ-ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (Micro-GPU) വികസിപ്പിച്ചെടുത്ത് ഐഐടി ഡൽഹിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് ഗവേഷകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക കമ്പ്യൂട്ടിംഗ് രംഗത്ത് നിർണായകമായ ജിപിയു സാങ്കേതികവിദ്യയിൽ രാജ്യത്തിന് സ്വയംപര്യാപ്തത നേടാൻ ഈ കണ്ടുപിടിത്തം സഹായിക്കും.
രജിസ്റ്റർ ട്രാൻസ്ഫർ ലാംഗ്വേജിൽ (RTL) പൂർണ്ണമായി തയ്യാറാക്കിയ കസ്റ്റം ഫ്ലോട്ടിംഗ് പോയിന്റ് ജിപിയു എഞ്ചിൻ ഉപയോഗിച്ചാണ് സ്പാർട്ടൻ-7 ഫീൽഡ്-പ്രോഗ്രാമബിൾ ഗേറ്റ് അറേ (FPGA) പ്ലാറ്റ്ഫോമിൽ പ്രോഗ്രാമബിൾ ഗ്രാഫിക്സ് റെൻഡറിംഗ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. വ്യവസായ നിയന്ത്രണ ഡിസ്പ്ലേകൾ, ഇ-റിക്ഷാ ഡാഷ്ബോർഡ് നാവിഗേറ്ററുകൾ, മത്സ്യബന്ധന യാനങ്ങളിലെ നാവിഗേഷൻ ടെർമിനലുകൾ, വിദ്യാഭ്യാസ ഇ-ബുക്ക് റീഡറുകൾ തുടങ്ങിയ വിവിധ എംബഡഡ് ആപ്ലിക്കേഷനുകൾക്കായി ഈ മൈക്രോ-ജിപിയു ആർക്കിടെക്ചർ ഉപയോഗിക്കാവുന്നതാണ്.
ഭാവിയിൽ 8-16 കോർ വെക്ടർ-സ്റ്റൈൽ ഗ്രാഫിക്സ് പ്രോസസറിലേക്കും 65 എൻഎം എഎസ്ഐസി (ASIC) പ്രോസസ്സിലേക്കും ഈ സാങ്കേതികവിദ്യ വളർത്താനാണ് ഗവേഷകരുടെ തീരുമാനം. എം.ടെക് വിദ്യാർത്ഥികളായ നമ്മി ആകാശും രവി തേജയും ചേർന്ന് പ്രൊഫസർമാരായ ജയദേവ, കൗശിക് സാഹ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
IIT Delhi researchers develop India’s first indigenous Micro-GPU, empowering embedded applications like industrial displays and navigation devices.
