2026 ബാച്ചിലെ വിദ്യാർത്ഥികൾക്ക് നൽകിയ തൊഴിൽ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 22 പ്രമുഖ കമ്പനികളുമായി സഹകരിക്കേണ്ടെന്ന തീരുമാനവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതർ. ജോബ് ഓഫറുകൾ റദ്ദാക്കുകയോ നടപ്പിലാക്കാതെ വൈകിപ്പിക്കുകയോ ചെയ്ത റിക്രൂട്ടർമാരുമായുള്ള ബന്ധമാണ് അടുത്ത രണ്ട് പ്ലേസ്മെന്റ് സീസണുകളിലേക്ക് ഐ.ഐ.ടി അഖിലേന്ത്യാ പ്ലേസ്മെന്റ് കമ്മിറ്റി (AIPC) മരവിപ്പിക്കുന്നത്.

രാജ്യത്തുടനീളമുള്ള 23 ഐ.ഐ.ടികളിലായി 150-ലധികം ഓഫറുകളാണ് ഇത്തരത്തിൽ പാഴായത്. കമ്പനികളെ കറുത്ത പട്ടികയിൽ (Blacklisting) ഉൾപ്പെടുത്തുന്നതിന് പകരം രണ്ട് വർഷത്തേക്ക് ‘നിസ്സഹകരണം’ (Non-cooperation) എന്ന നിലപാടാണ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
ഐ.ഐ.ടി വിദ്യാർത്ഥികൾക്ക് നൽകിയ 40-ഓളം ഓഫറുകൾ പാലിക്കാത്ത പ്രമുഖ സോഫ്റ്റ്വെയർ ഭീമനായ ഒറാക്കിൾ (Oracle) ഉൾപ്പെടെയുള്ള കമ്പനികളും നിരവധി സ്റ്റാർട്ടപ്പുകളുമാണ് ഈ നടപടി നേരിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആഭ്യന്തര പുനഃസംഘടനയാണ് ഒറാക്കിളിലെ നിയമന തടസ്സങ്ങൾക്ക് കാരണം.
ഈ വർഷം ഓഫറുകൾ ലംഘിക്കപ്പെടുന്ന കമ്പനികളുടെ എണ്ണം സമീപകാലത്ത് ഏറ്റവും കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മറ്റ് നിലവിലുള്ള റിക്രൂട്ടർമാർ വഴി ജോലി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്ലേസ്മെന്റ് സെല്ലുകൾ. സെപ്റ്റംബർ 30-നകം കമ്പനികൾക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകും.
The All India Placement Committee of IITs has decided to bar 22 companies for two years after over 150 job offers given to 2026 batch students went unhonored
