ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് തങ്ങളുടെ പുതിയ കോംപാക്റ്റ് സെഡാനായ ‘ടാറ്റ ഏരിസ്’ (Tata Aeris) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ മോഡലിന് 5.29 ലക്ഷം രൂപയും, ഐസിഎൻജി (iCNG) പതിപ്പിന് 6.29 ലക്ഷം രൂപയുമാണ് ആമുഖ എക്സ്-ഷോറൂം വില. കൊമേഴ്സ്യൽ ടാക്സി വിപണി പൂർണ്ണമായും ഒഴിവാക്കി വ്യക്തിഗത ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. വിപണിയിലെ മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യ ഉടമകൾക്ക് മാത്രമായി പ്രത്യേക പരിഗണന നൽകിയാണ് ഏരിസ് അവതരിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.
1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിലും ഇരട്ട സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യയിലുമാണ് ഏരിസ് വിപണിയിലെത്തിയിരിക്കുന്നത്. മാനുവൽ, എഎംടി (AMT) ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിലുണ്ട്. വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 419 ലിറ്റർ ബൂട്ട്സ്പേസ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക ഫീച്ചറുകളോടെയെത്തുന്ന ഏരിസ്, മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയോടാണ് വിപണിയിൽ മത്സരിക്കുന്നത്.
Tata Motors launches its new compact sedan ‘Tata Aeris’ at an introductory starting price of ₹5.29 lakh with petrol, iCNG, and advanced safety features.
