രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്ന് മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (IBA) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം താത്കാലികമായി മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചത്. എട്ട് ലക്ഷത്തോളം ബാങ്ക് ഓഫീസർമാരും ജീവനക്കാരും പങ്കെടുക്കാനിരുന്ന ഈ സമരം അർദ്ധവാർഷിക ക്ലോസിംഗ് സമയത്താണ് പ്രഖ്യാപിച്ചിരുന്നത്.

എല്ലാ ശനിയാഴ്ചകളും അവധിയാക്കിക്കൊണ്ട് അഞ്ച് ദിവസത്തെ പ്രവൃത്തിയാഴ്ച നടപ്പിലാക്കുക, സ്കെയിൽ IV-ലും അതിനുമുകളിലുമുള്ള ഓഫീസർമാരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിലെ മാറ്റങ്ങൾ തുടങ്ങിയ പ്രധാന ആവശ്യങ്ങളുന്നയിച്ചാണ് യൂണിയനുകൾ സമരത്തിന് തയ്യാറെടുത്തത്. രണ്ടര വർഷത്തിലേറെയായിട്ടും ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉറപ്പുകൾ പാലിക്കപ്പെടാത്തതാണ് രാജ്യവ്യാപകമായി സമരത്തിലേക്ക് നയിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി നടന്ന ചർച്ചയിൽ ഇരു വിഭാഗങ്ങളും തമ്മിൽ നിർണായക ധാരണയിലെത്തി. ശനിയാഴ്ചകൾ ബാങ്ക് അവധിയാക്കുന്ന കാര്യം സമഗ്രമായി പരിശോധിച്ച് പരിഹാരം കാണാൻ ഐ.ബി.എയുടെയും യു.എഫ്.ബി.യുവിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ കൂടി മുൻനിർത്തി സമിതി വിഷയം ചർച്ച ചെയ്യും. കൂടാതെ പി.എൽ.ഐ. സ്കീമിലെ ആശങ്കകളും മറ്റ് തീർപ്പാക്കാത്ത വിഷയങ്ങളും ചർച്ച ചെയ്ത് വേഗത്തിൽ പരിഹരിക്കാനും ധാരണയായിട്ടുണ്ട്.
പണിമുടക്ക് പിൻവലിച്ചതോടെ രാജ്യത്തുടനീളമുള്ള ബാങ്ക് ശാഖകൾ ഇന്ന് മുതൽ പതിവുപോലെ പ്രവർത്തിക്കും. സമരം ഒഴിവായത് അർദ്ധവാർഷിക ക്ലോസിംഗ് വേളയിൽ ഇടപാടുകൾ നടത്താനിരുന്ന ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. ഒക്ടോബർ 2-ലെ ഗാന്ധി ജയന്തി അവധി ഒഴിച്ചാൽ ഈ ആഴ്ച മറ്റ് തടസ്സങ്ങളില്ലാതെ ബാങ്ക് സേവനങ്ങൾ ലഭ്യമാകും
The proposed 3-day nationwide bank strike has been deferred following positive talks between the Indian Banks Association (IBA) and UFBU regarding a 5-day workweek and Saturdays off. Normal banking services remain operational.
