ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിർണായക നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയർമാനായി നിലവിലെ എം.ഡി സി.ജെ. ജോർജിനെയും, മാനേജിങ് ഡയറക്ടറായി നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസ് ജോർജിനെയും നിയമിച്ചു. 2026 ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ഈ നിയമനത്തിന് ജൂലൈ 22-ലെ ബോർഡ് യോഗം അംഗീകാരം നൽകി. 1987-ൽ സി.ജെ. ജോർജും രണജിത് കാഞ്ചിലാലും ചേർന്ന് സ്ഥാപിച്ച ജിയോജിത്, രാജ്യത്ത് ആദ്യമായി ഇന്റർനെറ്റ്-മൊബൈൽ ട്രേഡിംഗും ഫ്യൂച്ചേഴ്സ് ട്രേഡിംഗും അവതരിപ്പിച്ച് ഓഹരി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സ്ഥാപനമാണ്. പ്രവർത്തനത്തിന്റെ നാൽപ്പതാം വർഷത്തിലേക്ക് കടക്കുന്ന കമ്പനിയുടെ വളർച്ചയിലെ അടുത്ത സുപ്രധാന ചുവടുവെപ്പാണ് ഈ നേതൃമാറ്റം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജിയോജിത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനും അന്താരാഷ്ട്ര ബിസിനസ്സ് വളർച്ചയ്ക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ജോൺസ് ജോർജ്. കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പുതിയ സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥാപനത്തെ മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവുള്ള ജോൺസിന് പൂർണ്ണ പിന്തുണ നൽകുമെന്നും, അദ്ദേഹത്തിന് കീഴിൽ ജിയോജിത് കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും എക്‌സിക്യൂട്ടീവ് ചെയർമാൻ സി.ജെ. ജോർജ് വിശ്വാസം പ്രകടിപ്പിച്ചു.
Geojit Financial Services enters its 40th year with a major leadership change, appointing CJ George as Executive Chairman and Jones George as Managing Director