ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ്.ഇസെഡ് 1073 (Flydubai FZ1073) വിമാനത്തിൽ കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റിനെ സൗദി അറേബ്യ യുഎഇ അധികാരികൾക്ക് കൈമാറി. ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെ നടന്ന ഈ മിഡ് എയർ അക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ച വിമാനം, സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയായിരുന്നു.
അതേസമയം, ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തനിക്ക് ലഭിക്കുന്ന സൂചനകൾ വെച്ച് ഇക്കാര്യത്തിൽ ഇറാനിയൻ ബന്ധം ശരിയാണെന്ന് പറയാൻ സാധിക്കുമെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ വിഷയം ഔദ്യോഗികമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമോ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) സ്വാധീനമോ ഉണ്ടോ എന്ന് യുഎഇയും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അന്വേഷണ സംഘങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന 174 പേരും വലിയ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും, ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ അപകടനില തരണം ചെയ്ത് ചികിത്സയിൽ തുടരുകയുമാണ്
