ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കടലടിയിലൂടെയുള്ള വൈദ്യുതി പ്രസരണ ശൃംഖലയ്ക്ക് (undersea power link) ഏകദേശം 9 ബില്യൺ ഡോളർ ചെലവ് വരുമെന്ന് മണി കൺട്രോളിന്റെ എക്സ്‌ക്ലൂസീവ് റിപ്പോർട്ട്. 2,100 കിലോമീറ്റർ നീളത്തിലും 3 ജിഗാവാട്ട് ശേഷിയിലുമായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ വിശദമായ സാധ്യതാ പഠനം പൂർത്തിയായതായി റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 5-ന് നടക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നതതല യോഗം പദ്ധതിയുടെ സാമ്പത്തിക വശങ്ങളും ചെലവ് കുറയ്ക്കാനുള്ള വഴികളും ചർച്ച ചെയ്യും.
ഇന്ത്യയുടെ ‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’ (OSOWOG) ലക്ഷ്യങ്ങളുടെ ഭാഗമായുള്ള ഈ ഊർജ കൈമാറ്റത്തിന് ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ നിർണായക സ്ഥാനമുണ്ട്. യു.എ.ഇ, സിംഗപ്പൂർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി സമാനമായ ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും, സൗദി പദ്ധതി മാത്രമാണ് നിലവിൽ ഇത്രയും വിപുലമായ സാങ്കേതിക-സാധ്യതാ ഘട്ടത്തിലേക്ക് എത്തിയിട്ടുള്ളത്. ഉയർന്ന ചെലവ് ചുരുക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ സുസ്ഥിരമായ ഹരിത ഊർജ കൈമാറ്റം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
