ആന്ധ്രാപ്രദേശിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ സ്ഥാപിക്കുക, മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംസ്ഥാനത്തിന് ഏകദേശം 60,000 കോടി രൂപയുടെ വരുമാനം നേടിത്തരിക എന്നിവയാണ് റിലയൻസിന്റെ ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി വ്യക്തമാക്കി. മദനപ്പള്ളിയിൽ റയൽസീമ ഹോർട്ടികൾച്ചർ ഹബ്ബിന്റെയും ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

കർഷകരെ ശാക്തീകരിക്കുന്നതിനും കാർഷിക മേഖലയെ നവീകരിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ‘ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചർ’ പദ്ധതിക്ക് റിലയൻസ് പൂർണ്ണ പിന്തുണ നൽകും. കൃത്രിമ ബുദ്ധി (AI), ജിയോ കൃഷി പ്ലാറ്റ്‌ഫോം, ഡ്രോണുകൾ, റോബോട്ടിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ കാർഷിക രംഗത്ത് നടപ്പിലാക്കാൻ ഈ സ്ഥാപനത്തിലൂടെ സാധിക്കും. കൂടാതെ, ഗ്രാമങ്ങളിൽ വെർച്വൽ ക്ലാസ്റൂമുകൾ വഴി പരിശീലനം നൽകുക, ഹൈടെക് മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുക, യുവജനങ്ങൾക്ക് കൃഷി ആകർഷകമാക്കുക തുടങ്ങിയ നാല് പ്രധാന മേഖലകളിൽ റിലയൻസ് സജീവമായി സഹകരിക്കുമെന്ന് അന്ത് അംബാനി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കർഷകരെ റിലയൻസിന്റെ ഹരിത ഊർജ്ജ പദ്ധതികളിലൂടെ ‘ഉർജ്ജ ദാതാക്കൾ’ കൂടിയാക്കി മാറ്റാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൈവരിക്കുന്ന വികസന മുന്നേറ്റങ്ങളെയും ‘വികസിത് ഭാരത്’ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു. റിലയൻസിന്റെ ഈ നിക്ഷേപങ്ങളും പദ്ധതികളും ഗ്രാമീണ മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വലിയ വഴിതിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്നെ “ആന്ധ്രയുടെ മകനായി” കണക്കാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് ചടങ്ങിൽ അനന്ത് അംബാനി അഭ്യർത്ഥിച്ചു. റിലയൻസിനെ വിശ്വസിച്ച് ചരിത്രപരമായ സംരംഭത്തിന്റെ ഭാഗമാകാൻ അവസരം നൽകിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി പറയുന്നു. ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നു. സ്ഥാപനത്തിന് ഞങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. ദയവായി എന്നെ ആന്ധ്രയുടെ മകനായി കണക്കാക്കൂ. ആന്ധ്രപ്രദേശിന്റെ വികസനത്തിനും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിനും എങ്ങനെ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുമെന്നതിനെക്കുറിച്ച് നിങ്ങളുടെ മാർഗനിർദേശം ഞാൻ തേടുന്നു. സാധ്യമായ എല്ലാ രീതിയിലും ഞങ്ങൾ സംസ്ഥാനത്തെ പിന്തുണയ്ക്കും-അദ്ദേഹം പറഞ്ഞു.

Reliance Industries announces a massive ₹1 lakh crore investment in Andhra Pradesh, focusing on compressed biogas plants, green energy, and tech-driven agriculture

Share.
Leave A Reply

Exit mobile version