ഇന്ത്യയിലെ സമൂഹ മൃഗങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ സംഘടിതവും സുസ്ഥിരവുമായ സംവിധാനം സൃഷ്ടിക്കാൻ പുതിയ ദേശീയ പദ്ധതിയുമായി അനന്ത് അംബാനിയുടെ Vantara. ലോക മൃഗദിനത്തോടനുബന്ധിച്ച് ‘Champions of Care’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് എം. അംബാനിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 50ലേറെ മൃഗക്ഷേമ സംഘടനകളെയാണ് Champions of Care ഒരേ ശൃംഖലയിലേക്ക് കൊണ്ടുവരുന്നത്. തെരുവുനായ്ക്കളും പൂച്ചകളും മുതൽ ഉപേക്ഷിക്കപ്പെട്ട കന്നുകാലികൾ, കഴുതകൾ, കുതിരകൾ, പരിക്കേറ്റതോ അവഗണിക്കപ്പെട്ടതോ ആയ മൃഗങ്ങൾ വരെയുള്ളവയുടെ സംരക്ഷണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വെറ്ററിനറി ആശുപത്രി സേവനങ്ങൾ, മൊബൈൽ റെസ്ക്യൂ-വെറ്ററിനറി സേവനങ്ങൾ, അഭയം, ഭക്ഷണം, ദീർഘകാല പരിചരണം എന്നിവയും പദ്ധതിയുടെ ഭാഗമാകും.

പദ്ധതിയിലൂടെ രാജ്യത്താകെ പ്രതിവർഷം ഏകദേശം 20 ലക്ഷം മൃഗങ്ങളിലേക്ക് സഹായമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വെറ്ററിനറി ചികിത്സ, രക്ഷാപ്രവർത്തനം, ഷെൽട്ടർ, ഭക്ഷണം, ദീർഘകാല പരിചരണം എന്നിവയിലൂടെയായിരിക്കും ഈ പിന്തുണ.

പദ്ധതിയുടെ ഭാഗമായി Vantaraയും പങ്കെടുത്ത എല്ലാ മൃഗക്ഷേമ സംഘടനകളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

സംഘടനകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, മൃഗങ്ങൾക്കുള്ള താമസസൗകര്യങ്ങൾ, ആംബുലൻസുകളും മൊബൈൽ സേവനങ്ങളും, റെസ്ക്യൂ ഉപകരണങ്ങൾ, രോഗനിർണയ-ചികിത്സാ സംവിധാനങ്ങൾ, പരിശീലനം, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ എന്നിവയ്ക്കും Champions of Care പിന്തുണ നൽകും. സോളാർ പവർ, മഴവെള്ള സംഭരണം, മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങൾ തുടങ്ങിയ സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ പരിധിയിൽ വരും.

കേരളത്തിൽ നിന്നുള്ള സംഘടനകളും പദ്ധതിയുടെ ഭാഗമാണ്. PAW Kannur, PAWS Thrissur, People for Animals Kollam, People for Animals Thiruvananthapuram, WEFAA Thrissur തുടങ്ങിയ സംഘടനകളെ പങ്കാളികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ മൃഗക്ഷേമ സംഘടനകളെ ഉൾപ്പെടുത്തി Champions of Care ഒരു വലിയ ദേശീയ ശൃംഖലയായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംഘടനകൾ തമ്മിലുള്ള അറിവും അനുഭവവും പങ്കുവയ്ക്കുന്നതിനൊപ്പം ഇന്ത്യയിലെ സമൂഹ മൃഗങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സംരക്ഷണ സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യമെന്ന് Vantara അധികൃതർ വ്യക്തമാക്കുന്നു.

Anant Ambani Launches National Initiative to Transform Community Animal Welfare in India . Vantara launches ‘Champions of Care’, bringing together more than 50 animal welfare organisations from across India to strengthen community animal welfare by supporting those who care for animals. 

Share.
Leave A Reply

Exit mobile version