അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ എൽപിജി (LPG) വിതരണക്കാരായി യുഎഇ. സെപ്റ്റംബർ മാസത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി സജീവമായതോടെയൊണിത്. മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുപ്രകാരം, ഇന്ത്യയുടെ മൊത്തം എൽപിജി ഇറക്കുമതിയുടെ 39 ശതമാനവും യുഎഇയിൽ നിന്നായിരുന്നു. ഓഗസ്റ്റിൽ ഇത് 13 ശതമാനം മാത്രമായിരുന്നു.

ഫെബ്രുവരിയിലെ യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുകയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറയുകയും ചെയ്തതോടെ കഴിഞ്ഞ ആറു മാസമായി അമേരിക്കയായിരുന്നു ഇന്ത്യയുടെ പ്രധാന എൽപിജി സ്രോതസ്സ്. എന്നാൽ സെപ്റ്റംബറിൽ ഗൾഫ് വിതരണം വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതോടെ യുഎഇയിൽ നിന്നുള്ള ഇറക്കുമതി 182 ശതമാനം വർധിച്ച് 547,000 ടണ്ണായി ഉയർന്നു.
അതേസമയം, ഓഗസ്റ്റിൽ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 53 ശതമാനവും നൽകിയിരുന്ന അമേരിക്കയുടെ പങ്ക് സെപ്റ്റംബറിൽ 23 ശതമാനമായി കൂപ്പുകുത്തി; ഇറക്കുമതി 323,000 ടണ്ണായി കുറയുകയും ചെയ്തു. കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സെപ്റ്റംബറിൽ എൽപിജി ഇറക്കുമതി വർധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മൊത്തത്തിലുള്ള എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഇതിന്റെ 90 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾക്കിടയിലും കപ്പൽ ഗതാഗതച്ചെലവ് ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും, ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം ഏറെക്കുറെ പഴയ നിലയിലായെന്ന് കെപ്ലർ വ്യക്തമാക്കുന്നു.
The UAE has overtaken the US to become India’s top LPG supplier in September as Gulf shipping routes normalized, accounting for 39% of India’s total LPG imports according to Kpler data.
