കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) വല്ലാർപ്പാടം, തൂത്തുക്കുടി എന്നിവിടങ്ങളിലായി 6,000 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം കൊച്ചി വല്ലാർപ്പാടത്ത് വലിയ കപ്പലുകളുടെ നിർമാണത്തിന് ആവശ്യമായ സ്റ്റീൽ ബ്ലോക്ക് ഫാബ്രിക്കേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 4,000 കോടി രൂപയോളം നിക്ഷേപിക്കും. ഇതിനായി കൊച്ചിൻ പോർട്ടിൽ നിന്നും കേരള സർക്കാരിൽ നിന്നുമായി ഏകദേശം 78 ഏക്കർ ഭൂമി പാട്ടത്തിനെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, തമിഴ്നാട്ടിലെ തൂത്തുക്കുടി വി.ഒ. ചിദംബരനാർ പോർട്ടിൽ ചെറുതും ഇടത്തരവുമായ കപ്പലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 2,000 കോടി രൂപ ചെലവിൽ പുതിയ യൂണിറ്റ് സ്ഥാപിക്കാനുള്ള സാധ്യതകളും കൊച്ചിൻ ഷിപ്പ്യാർഡ് പരിശോധിച്ച് വരികയാണെന്ന് എംഡി വി.ജെ. ജോസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജർമ്മനി, അമേരിക്ക, നോർവേ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 40-ലധികം കപ്പലുകളുടെ ഓർഡറുകൾ ഉൾപ്പെടെ നിലവിൽ 22,300 കോടി രൂപയുടെ വലിയ ഓർഡർ ബുക്കാണ് കൊച്ചിൻ ഷിപ്പ്യാർഡിനുള്ളത്. ഇന്ത്യൻ നാവികസേനയ്ക്കായി അഞ്ച് നെക്സ്റ്റ് ജനറേഷൻ സർവേ വെസലുകൾ (NGSV) നിർമിക്കുന്നതിനുള്ള 5,000 കോടി രൂപയുടെ കരാറിൽ കമ്പനി എൽ1 (L1) ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നതോടെ ആകെ ഓർഡർ ബുക്ക് 27,300 കോടി രൂപയായി ഉയരും. പുതിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള കൂറ്റൻ കപ്പൽ നിർമാണ കരാറുകൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ ഷിപ്പ്യാർഡിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cochin Shipyard Limited plans a ₹6,000 crore expansion across Vallarpadam and Thoothukudi, boosting its capacity to handle overseas orders and a growing ₹27,300 crore order book.
