ധാരാവി പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുംബൈ മാട്ടുങ്കയിലുള്ള 22 ഏക്കർ സ്ഥലത്ത് 10,432 വീടുകളുടെ നിർമാണത്തിന് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. ധാരാവി പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ‘അദാനി നവഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ (ANDPL) നിർമിക്കുന്ന ഈ പദ്ധതിയിൽ 10 ടവറുകളിലായി 10,432 അപ്പാർട്ട്മെന്റുകളും 1,379 കമേഴ്ഷ്യൽ-ഇൻഡസ്ട്രിയൽ യൂണിറ്റുകളുമാണ് ഒരുങ്ങുന്നത്. 37 മുതൽ 39 നിലകൾ വരെ ഉയരമുള്ള ടവറുകളിലെ ആദ്യ അഞ്ച് എണ്ണം 2029 മാർച്ചിനകം കൈമാറാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലുൾപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് 350 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ ലഭ്യമാക്കും.

ദശലക്ഷത്തിലധികം ആളുകൾ അധിവസിക്കുന്ന ധാരാവിയിലെ ജനങ്ങളുടെ ജീവിതനിലവാരവും പ്രാദേശിക തൊഴിൽ മേഖലയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്. കിന്റർഗാർട്ടൻ, കമ്മ്യൂണിറ്റി ഹാൾ, പോഡിയം ഗാർഡനുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്ന സമുച്ചയത്തിന്റെ നിർമാണത്തിന് ശേഷം 10 വർഷത്തെ പരിപാലന ചുമതലയും ANDPL തന്നെയായിരിക്കും വഹിക്കുക.
അമേരിക്കൻ, ബ്രിട്ടീഷ് കമ്പനികളായ സാസാക്കി, ബ്യൂറോ ഹാപ്പൊൾഡ്, മുംബൈയിലെ സ്റ്റുഡിയോപോഡ്, പ്രമുഖ ആർക്കിടെക്റ്റ് ഹഫീസ് കരാക്ചർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ഡിസൈനും ടൗൺ പ്ലാനിംഗും തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവയടങ്ങിയ സമഗ്രമായ ടൗൺഷിപ്പായി മാട്ടുങ്ക പ്രദേശം മാറും.
Adani Group begins construction of 10,432 modern apartments and commercial units in Matunga as part of the massive Dharavi redevelopment initiative.