ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിൽ ആദ്യ പോസ്റ്റുമായി അരങ്ങേറ്റം കുറിച്ചു. നിലവിൽ സ്‌പോർട്‌സ് വെയർ കമ്പനിയായ അജിലിറ്റാസ് സ്‌പോർട്‌സിന്റെ നിക്ഷേപകനും വൺഎയ്റ്റ്‌വേൾഡ് (one8world) ബ്രാൻഡിന്റെ സഹസ്ഥാപകനുമാണ് അദ്ദേഹം. ഈ ബിസിനസ് പങ്കാളിത്തങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളാണ് ലിങ്ക്ഡ്ഇനിലെ ആദ്യ പോസ്റ്റിലൂടെ കോഹ്‌ലി പങ്കുവെച്ചത്.

Virat Kohli LinkedIn Debut Agilitas Sports Investment

ദീർഘമായ പോസ്റ്റിൽ ഇന്ത്യയുടെ കായിക വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് അദ്ദേഹം വ്യക്തമാക്കിയത്. ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന കായിക ബ്രാൻഡുകൾ ഇന്ത്യയിൽ നിന്ന് വളർത്തിയെടുക്കാനുള്ള ലക്ഷ്യമാണ് അജിലിറ്റാസിലെ നിക്ഷേപത്തിനും വൺഎയ്റ്റ്‌വേൾഡുമായുള്ള പങ്കാളിത്തത്തിനും പിന്നിലെന്ന് താരം വ്യക്തമാക്കി. അതിരുകൾ കൂടുതൽ വിശാലമാക്കുകയും നിലവാരം ഉയർത്തുകയും കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുകയും ചെയ്യുമ്പോഴാണ് പുരോഗതി സാധ്യമാകുന്നതെന്ന് വൺഎയ്റ്റ് ബ്രാൻഡിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

നേരത്തേ, പൂമയുമായുള്ള കരാർ പുതുക്കുന്നതിനായി എട്ട് വർഷത്തേക്ക് 300 കോടി രൂപയുടെ വാഗ്ദാനം കോഹ്‌ലി നിരസിച്ചിരുന്നു. പകരം, അജിലിറ്റാസ് സ്‌പോർട്‌സിൽ 40 കോടി രൂപ നിക്ഷേപിച്ച് കമ്പനിയിൽ 1.94 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കുകയായിരുന്നു. പൂമ ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും മുൻ മാനേജിങ് ഡയറക്ടറായിരുന്ന അഭിഷേക് ഗാംഗുലി, അതുൽ ബജാജ്, അമിത് പ്രഭു എന്നിവർ ചേർന്നാണ് 2023ൽ അജിലിറ്റാസ് സ്‌പോർട്‌സ് സ്ഥാപിച്ചത്. സ്‌പോർട്‌സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഉൽപ്പന്ന വികസനം, വിതരണം, റീട്ടെയിൽ വിൽപ്പന തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

Indian cricket star Virat Kohli makes his LinkedIn debut, sharing his business vision after investing ₹40 crore for an equity stake in Agilitas Sports

Share.
Leave A Reply

Exit mobile version