ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ആഗോള ബിസിനസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഹ്യുണ്ടായിയുടെ സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയെ വാഹനവിൽപ്പനയിൽ മറികടന്ന് കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഉത്തര അമേരിക്ക മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
1996ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ഹ്യുണ്ടായിക്ക് മൂന്ന് പതിറ്റാണ്ടിനിടയിലെ സുപ്രധാന നേട്ടമാണിത്. ഇന്ത്യൻ വാഹനവിപണിയുടെ വളർച്ചയും ആഗോള വാഹന നിർമാതാക്കൾക്ക് ഇന്ത്യയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യവും വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.
2026ന്റെ ആദ്യ ആറുമാസങ്ങളിൽ ഹ്യുണ്ടായി ഇന്ത്യയിൽ വിറ്റഴിച്ചത് ഏകദേശം 3,06,000 പാസഞ്ചർ വാഹനങ്ങളാണ്. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, ദക്ഷിണ കൊറിയയിൽ കമ്പനിയുടെ വാഹനവിൽപ്പന 11 ശതമാനം ഇടിഞ്ഞ് 2,63,722 യൂണിറ്റുകളായി കുറഞ്ഞു.
ഉത്തര അമേരിക്കയിൽ ഇതേ കാലയളവിൽ 5.8 ലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ ഉൾപ്പെടുന്നതാണ് ഉത്തര അമേരിക്കൻ വിപണി. വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഇപ്പോൾ ഉത്തര അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതാണെന്ന് ഹ്യുണ്ടായി മോട്ടോർ കമ്പനി പ്രസിഡന്റും സിഇഒയുമായ ജോസ് മുനോസ് സ്ഥിരീകരിച്ചു.
ഇന്ത്യൻ വിപണിയിലെ വർധിച്ചുവരുന്ന ആവശ്യകത നേരിടാൻ ഉൽപ്പാദനശേഷി ഉയർത്തുകയാണ് ഹ്യുണ്ടായി. മഹാരാഷ്ട്രയിലെ പുണെയിലുള്ള നിർമാണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ ₹4,000 കോടി അധിക നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുണെ പ്ലാന്റിന്റെ വാർഷിക ഉൽപ്പാദനശേഷി 2030ഓടെ 3.2 ലക്ഷം വാഹനങ്ങളായി ഉയർത്താനാണ് പദ്ധതി. ചെന്നൈയിലെ പ്ലാന്റിനൊപ്പം ഇന്ത്യയിലെ ഹ്യുണ്ടായിയുടെ മൊത്തം വാർഷിക ഉൽപ്പാദനശേഷി 11.4 ലക്ഷം വാഹനങ്ങളിലേക്ക് എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ വാഹനനിർമാണം ആഭ്യന്തര വിൽപ്പനയ്ക്ക് പുറമെ കയറ്റുമതിക്കും കൂടുതൽ പ്രയോജനപ്പെടുത്താനാണ് നീക്കം.
ഇന്ത്യൻ വിപണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതിലും ഹ്യുണ്ടായി വലിയ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.2030ഓടെ 26 പുതിയ വാഹന മോഡലുകളും മോഡൽ പുതുക്കലുകളും അവതരിപ്പിക്കാനാണ് ലക്ഷ്യം. ഇതിൽ എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള മോഡലുകൾ എന്നിവയ്ക്ക് പ്രാധാന്യമുണ്ടാകും.പുതിയ ബയോൺ (Bayon) മോഡലും ഒരു സബ്കോംപാക്ട് ഇലക്ട്രിക് എസ്യുവിയും 2026–27 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.2029ഓടെ ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോയിൽ നാല് മോഡലുകൾ എത്തിക്കാനാണ് ലക്ഷ്യം.
വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ വികസിപ്പിക്കാനും ഹ്യുണ്ടായി ഒരുങ്ങുകയാണ്.
ഇവി ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ബാറ്ററി സെല്ലുകൾ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയ ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമാണ് ശ്രദ്ധ.2030ഓടെ കമ്പനിയുടെ ഇന്ത്യൻ വാഹന പോർട്ട്ഫോളിയോയുടെ 50 ശതമാനവും സുസ്ഥിര പവർട്രെയിൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടതാക്കാനാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ഗാർഗ് വ്യക്തമാക്കി.പുണെ പ്ലാന്റിൽ പ്രാദേശികമായി സംഭരിക്കുന്ന വാഹനഘടകങ്ങളുടെ വിഹിതം 83 ശതമാനത്തിൽ നിന്ന് 92 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്.
ഇന്ത്യയെ ദീർഘകാല വളർച്ചയുടെ പ്രധാന കേന്ദ്രമാക്കാനുള്ള ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ വികസനപദ്ധതികൾ.2032ഓടെ ഇന്ത്യയിൽ 15.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടായിക്കും കിയയ്ക്കും ഉൾപ്പെടെയുള്ള ഗ്രൂപ്പിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി.
നിർമാണശേഷി വർധിപ്പിക്കൽ, ഗവേഷണ വികസനം, വാഹന സാങ്കേതികവിദ്യ, പ്രാദേശിക വിതരണശൃംഖല എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹനവിപണിയാണ് ഇന്ത്യ. സുസുക്കി ഉൾപ്പെടെയുള്ള പ്രമുഖ വാഹനനിർമാതാക്കൾക്ക് ഇന്ത്യ നേരത്തേതന്നെ നിർണായക വിപണിയാണ്.
ഇപ്പോൾ ഹ്യുണ്ടായിയുടെ സ്വന്തം രാജ്യത്തെ വിൽപ്പനയെ മറികടന്നതോടെ ആഗോള വാഹന വ്യവസായത്തിലെ ഇന്ത്യയുടെ പ്രാധാന്യം കൂടുതൽ വ്യക്തമായിരിക്കുകയാണ്.
എന്നാൽ ഹ്യുണ്ടായിയുടെ രണ്ടാമത്തെ വലിയ ആഗോള വിപണിയായി ഇന്ത്യ മാറിയെന്നത്, ഇന്ത്യൻ വാഹനവിപണിയിൽ ഹ്യുണ്ടായി രണ്ടാം സ്ഥാനത്തെത്തിയെന്നർത്ഥമല്ല. ഇന്ത്യയിലെ പാസഞ്ചർ വാഹനവിൽപ്പനയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ 2028–29 സാമ്പത്തിക വർഷമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദക്ഷിണ കൊറിയയിൽ ആരംഭിച്ച ഒരു ആഗോള വാഹന ബ്രാൻഡിന്റെ വളർച്ചയിൽ ഇന്ത്യ ഇപ്പോൾ നിർണായക ശക്തിയായി മാറിയിരിക്കുന്നു. വിൽപ്പനയിലെ ഈ നേട്ടത്തിനൊപ്പം പുതിയ മോഡലുകളും നിക്ഷേപങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ വാഹനനിർമാണ മേഖലയിലും പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.
India has surpassed South Korea to become Hyundai’s second-largest global market after North America. The automaker sold approximately 306,000 vehicles in India during the first half of 2026, outperforming sales in its home market. Riding on this growth, Hyundai plans to invest ₹4,000 crore in expanding its Pune manufacturing facility and introduce 26 new and updated models by 2030, including electric and hybrid vehicles. Hyundai Motor Group has also announced a $15.5 billion investment plan for India through 2032, reinforcing the country’s growing importance in the global automobile industry.
