കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് വികസിപ്പിച്ച ബഹിരാകാശ സാങ്കേതികവിദ്യ ദുബായ് കിരീടാവകാശിക്ക് മുന്നിൽ അവതരിപ്പിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ സ്പേസ് ടെക് സ്റ്റാർട്ടപ്പ് HEX20 ആണ് യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായി ബഹിരാകാശ പേടകത്തിന്റെ നിർണായക ഘടനകളും സംവിധാനങ്ങളും വികസിപ്പിച്ചത്.

യുഎഇയുടെ Emirates Mission to the Asteroid Belt (EMA) പദ്ധതിയുടെ ഭാഗമായുള്ള ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കാൻ യുഎഇ ബഹിരാകാശ ഏജൻസി തിരഞ്ഞെടുത്ത സ്ഥാപനമാണ് HEX20. കമ്പനി വികസിപ്പിച്ച പേടകത്തിന്റെ പ്രധാന ഘടന, അടിസ്ഥാന സംവിധാനങ്ങൾ, സോഫ്റ്റ്വെയർ എന്നിവ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മുന്നിൽ അവതരിപ്പിച്ചു. യുഎഇയുടെ ഗ്രഹാന്തര ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ഇതോടെ HEX20 സ്വന്തമാക്കിയതായി കമ്പനി അറിയിച്ചു.
2024 നവംബറിൽ യുഎഇ ബഹിരാകാശ ഏജൻസിയും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (TII) സംഘടിപ്പിച്ച ഡിസൈൻ വർക്ക്ഷോപ്പിന് ശേഷമാണ് HEX20-യെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത്. വെറും 15 മാസത്തിനുള്ളിലാണ് പേടകത്തിന്റെ പ്രധാന സംവിധാനങ്ങൾ കമ്പനി വികസിപ്പിച്ചത്. ബഹിരാകാശ പേടകത്തിന്റെ അടിസ്ഥാന ഘടനയും അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി, കമ്പ്യൂട്ടിങ്, നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് ‘സ്പേസ്ക്രാഫ്റ്റ് ബസ്’ എന്നറിയപ്പെടുന്ന സംവിധാനം.
ബഹിരാകാശത്തിലെ അതികഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഓൺബോർഡ് കമ്പ്യൂട്ടറും പവർ സിസ്റ്റവും HEX20 വികസിപ്പിച്ചിട്ടുണ്ട്. ഈ ദൗത്യത്തിനായി HEX20 വികസിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യകളിലൊന്നാണ് പേടകത്തിന്റെ സ്വയം നിയന്ത്രണ ശേഷി.
ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ എത്താൻ ഏറെ സമയമെടുക്കുന്ന വിദൂര ബഹിരാകാശ ദൗത്യങ്ങളിൽ പേടകങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കേണ്ടിവരും. എംബിആർ എക്സ്പ്ലോറർ ദൗത്യ നിയന്ത്രണ കേന്ദ്രവുമായി ആശയവിനിമയം തുടരുമ്പോഴും, ഛിന്നഗ്രഹ പര്യവേഷണ പേടകത്തിന് സ്വന്തം ഓൺബോർഡ് പ്രോഗ്രാമുകൾ ഭൂമിയിലെ ഓപ്പറേറ്റർമാരുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ പ്രവർത്തിപ്പിക്കാനാകും. ഇതിനാവശ്യമായ സോഫ്റ്റ്വെയർ ശേഷിയാണ് HEX20 വികസിപ്പിച്ചത്. ഭൂമിയിലെ വിവിധ നിരീക്ഷണ ദൗത്യങ്ങൾക്കും ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
2028 മാർച്ചിൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്ന എംബിആർ എക്സ്പ്ലോറർ എട്ട് വർഷത്തിനുള്ളിൽ ഏകദേശം അഞ്ച് ബില്യൺ കിലോമീറ്റർ, അതായത് 500 കോടി കിലോമീറ്റർ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സഹായം പ്രയോജനപ്പെടുത്തിയാണ് പേടകം പ്രധാന ഛിന്നഗ്രഹ വലയത്തിലേക്ക് പ്രവേശിക്കുക.
തുടർന്ന് ആറ് ഛിന്നഗ്രഹങ്ങളെ കടന്നുപോയി അന്തിമ ലക്ഷ്യസ്ഥാനമായ 269 ജസ്റ്റിഷ്യ (269 Justitia) എന്ന ഛിന്നഗ്രഹത്തിലെത്തും. ദൗത്യപദ്ധതി പ്രകാരം, എംബിആർ എക്സ്പ്ലോററിൽ നിന്ന് വേർപെടുന്ന പ്രത്യേക പര്യവേഷണ പേടകം സ്വതന്ത്രമായി പ്രവർത്തിക്കും.
269 ജസ്റ്റിഷ്യയെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ രൂപീകരണകാലത്ത് ജലം, ജൈവവസ്തുക്കൾ, മറ്റ് അസ്ഥിര പദാർഥങ്ങൾ എന്നിവ എങ്ങനെ വിതരണം ചെയ്യപ്പെട്ടുവെന്നതിനെക്കുറിച്ച് പുതിയ ശാസ്ത്രീയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.
യുഎഇ ബഹിരാകാശ ഏജൻസി, ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രൊപ്പൽഷൻ ആൻഡ് സ്പേസ് റിസർച്ച് സെന്റർ, ഖലീഫ യൂണിവേഴ്സിറ്റി, യുഎഇ യൂണിവേഴ്സിറ്റിയുടെ നാഷണൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ, HEX20 എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പേടകത്തിന്റെ അസംബ്ലി അബുദാബിയിൽ പൂർത്തിയാക്കിയത്. എംബിആർ എക്സ്പ്ലോററുമായി സംയോജിപ്പിക്കുന്നതിനായി പേടകം അമേരിക്കയിലെ കൊളറാഡോയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
തിരുവനന്തപുരം ടെക്നോപാർക്കിൽ എൻജിനീയറിങ് വിഭാഗവും അബുദാബിയിലെ മസ്ദാർ സിറ്റിയിൽ യുഎഇ പ്രവർത്തന കേന്ദ്രവുമുള്ള സ്ഥാപനമാണ് HEX20. അമേരിക്ക, യുഎഇ, തായ്വാൻ എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന സാറ്റലൈറ്റ് പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്ന HEX20, ‘Satellite Mission-as-a-Service’, ഭ്രമണപഥത്തിലെ പരീക്ഷണങ്ങൾക്കുള്ള പേലോഡ് ഹോസ്റ്റിങ് തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്. ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ റൈഡ്ഷെയർ സാറ്റലൈറ്റ് നിർമിച്ച ആദ്യ സ്ഥാപനമെന്ന നേട്ടവും HEX20 അവകാശപ്പെടുന്നു.
വെല്ലുവിളികൾ നിറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ HEX20-യുടെ സാങ്കേതിക ശേഷി തെളിയിക്കുന്നതാണ് പുതിയ നേട്ടമെന്ന് കമ്പനി സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു.
ഉപഗ്രഹ നിർമാണം, ബഹിരാകാശ പേടക സംവിധാനങ്ങൾ, സ്വയം നിയന്ത്രിത സോഫ്റ്റ്വെയർ, ഗ്രഹാന്തര പര്യവേഷണ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യൻ സ്വകാര്യ കമ്പനികൾ വളരുന്നതിന്റെ ശ്രദ്ധേയ ഉദാഹരണമാണ് HEX20. ലോകത്തിലെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ദൗത്യത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് നിർണായക പങ്കാളിയാകുന്നത് സംസ്ഥാനത്തെ ഡീപ്ടെക്, സ്പേസ്ടെക് സംരംഭക മേഖലയ്ക്കും വലിയ പ്രചോദനമാണ്.
Thiruvananthapuram Technopark-based spacetech startup HEX20 has been selected by the UAE Space Agency to develop an asteroid probe spacecraft for the Emirates Mission to the Asteroid Belt (EMA). The company’s spacecraft bus, onboard systems, and autonomous software were presented to Dubai Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum. Developed in just 15 months, the technology will support the UAE’s ambitious deep-space mission. Scheduled for launch in March 2028, the MBR Explorer aims to travel approximately five billion kilometres over eight years. The achievement marks a significant milestone for Kerala’s growing spacetech ecosystem and India’s private space industry.