കിഫ്ബി സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങൾ മറികടന്ന് ഒരു സ്വതന്ത്ര സാമ്രാജ്യം പോലെ പ്രവർത്തിക്കുകയും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺസൾട്ടൻസി പേയ്‌മെന്റുകളിലും ഭൂമി ഏറ്റെടുക്കലിലും ഗുരുതരമായ ക്രമക്കേടുകൾ സമിതി കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിൽ ഏതുതരം അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വഴി ആരംഭിച്ച പദ്ധതികൾ ഒറ്റരാത്രികൊണ്ട് അവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ അവ പൂർത്തിയാക്കുമെന്നും, ഉയർന്ന പലിശ നിരക്കിൽ കടമെടുത്തത് 396 കോടി രൂപയുടെ അധിക ബാധ്യതയ്ക്കും മസാല ബോണ്ട് വഴി 181 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിൽ അഞ്ചിരട്ടി വില നൽകി പദ്ധതികൾക്കായി ഏറ്റെടുത്ത 1,000 ഏക്കർ ഭൂമിയിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചതെന്നും, പരസ്യച്ചെലവുകൾക്കായി കിഫ്ബി കണക്കുകളിൽ കാണിച്ചതിനേക്കാൾ കൂടുതൽ തുക ചെലവിട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ധനവകുപ്പിന്റെ തീരുമാനം മറികടന്ന് കിഫ്ബിക്ക് സർക്കാർ ഗ്യാരണ്ടി നൽകിയെന്നും, ഇത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ നടത്തിപ്പിൽ 13,103 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായതായി വ്യക്തമാക്കിയ സതീശൻ, കിഫ്ബി രൂപീകരിച്ച കാലം മുതൽ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകളെന്നും കൂട്ടിച്ചേർത്തു.

കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ വെച്ചതിനു പിന്നാലെ മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരണവുമായി രംഗത്തെത്തി. കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന്‍റെ പശ്ചാത്തല വികസനത്തിന് വലിയ ആഘാതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിലെ പണം മാത്രം ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും കിഫ്ബി ഇല്ലാതായാൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയോളം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ വിശ്വാസ്യത സർക്കാർ തന്നെ തകർത്തതയായും അദ്ദേഹം ആരോപിച്ചു.

Chief Minister VD Satheesan terms KIIFB a major financial liability following an expert committee report, while former Finance Minister Thomas Isaac warns that halting it will stall infrastructure development.

Share.
Leave A Reply

Exit mobile version