എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി ആസ്ഥാനമായുള്ള ‘നവ്യ ബേക്ക്സ് ആൻഡ് കൺഫെക്ഷനറീസ്’ കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ ബിജു ജോസഫ് ചക്കിയത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് ചെക്ക് കൈമാറി. കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും മുന്നോട്ടുവരുന്നതിൽ സന്തോഷമുണ്ടെന്നും, എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വഴി പ്രഖ്യാപിച്ച ബസുകളുടെ എണ്ണം നൂറിനോടടുത്തെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൽകിയ പ്രചോദനമാണ് കെഎസ്ആർടിസിക്ക് ബസ് നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബിജു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സ്ഥാപനത്തിലെ അഞ്ഞൂറിലധികം സ്ത്രീകൾ ഈ യാത്രാസേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, സംഭാവന ചെയ്യുന്ന ബസ് അങ്കമാലി ഡിപ്പോയിൽ തന്നെ സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോദ് ശങ്കർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയെ സഹായിക്കാൻ അടുത്തിടെ അങ്കമാലി സ്വദേശിയായ വ്യവസായി കെ.ടി. ജോസ് 40 ലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ അങ്കമാലിയിൽ നിന്നു തന്നെ മറ്റൊരു സംരംഭം കെഎസ്ആർടിസിക്ക് താങ്ങായി എത്തിയിരിക്കുന്നത്.
Angamaly-based Navya Bakes & Confectioneries donates ₹40 lakh to KSRTC to procure a new bus, inspired by the Priyadarshini free travel scheme for women employees