അടുത്ത തലമുറ ബ്രഹ്മോസ്-എൻ.ജി (BrahMos-NG) മിസൈലിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2027 അല്ലെങ്കിൽ 2028-ഓടെ വികസിപ്പിക്കുമെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് സി.ഇ.ഒ ഡോ. ജയ്തീർഥ് ജോഷി അറിയിച്ചു. കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യകളും അത്യാധുനിക അസംസ്കൃത വസ്തുക്കളും ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ മിസൈലിനായി വിപുലമായ ഗവേഷണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

ഇതോടൊപ്പം 1,500 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഭാവി ലക്ഷ്യങ്ങളുടെ ഭാഗമായി പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുഖോയ്-30 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന ചില വിദേശ രാജ്യങ്ങൾ വ്യോമവിക്ഷേപണ പതിപ്പായ ബ്രഹ്മോസ്-എൻ.ജിയോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിലെ ഓർഡറുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും കൂടുതൽ വ്യവസായ പങ്കാളികളെ പദ്ധതിയുടെ ഭാഗമാക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധരംഗത്ത് കൃത്യതയോടെ ശത്രുലക്ഷ്യങ്ങൾ തകർത്ത ബ്രഹ്മോസ്, സാങ്കേതിക തികവും തദ്ദേശീയ ശേഷിയും തെളിയിച്ചുകൊണ്ട് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ പ്രധാന ചിഹ്നമായി മാറിയിരിക്കുകയാണ്.
BrahMos Aerospace plans to unveil the BrahMos-NG prototype by 2027-28 alongside a 1,500 km long-range missile project, boosting India’s defense capability and exports.
