വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളുടെ ഇന്റീരിയർ രൂപകൽപ്പന ചെയ്യുന്നതിനുള്ള 34.85 കോടി രൂപയുടെ സുപ്രധാന കരാർ എയർഫ്ലോ റെയിൽ ടെക്നോളജി നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന് ലഭിച്ചു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ICF) കരാർ നൽകിയത്. ഇതിൽ 30.93 കോടി രൂപ സമഗ്രമായ ഇന്റീരിയർ ഡിസൈനിങ് ജോലികൾക്കുമാത്രമായും ബാക്കി തുക അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായാണ് വകയിരുത്തിയിരിക്കുന്നത്.

ഇറ്റലി ആസ്ഥാനമായുള്ള ബ്ലൂ എൻജിനീയറിംഗുമായി (BLUE Engineering) സഹകരിച്ചാണ് എയർഫ്ലോ ഈ പദ്ധതി നടപ്പിലാക്കുന്നത്. റെയിൽവേ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒരു വലിയ ഇന്റീരിയർ ഡിസൈൻ കരാർ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി എയർഫ്ലോ ഇതിലൂടെ മാറിയിരിക്കുകയാണ്. ബെർതുകൾ, ലൈറ്റിംഗ്, കോച്ചുകളുടെ ലേഔട്ട് എന്നിവ ഉൾപ്പെടുന്ന ഡിസൈൻ ജോലികളും മോക്ക്-അപ്പ് മോഡലിന്റെ നിർമ്മാണവും 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കമ്പനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Airfloa-led consortium wins a ₹34.85 crore contract from Integral Coach Factory (ICF) to design the interiors and layouts for Vande Bharat Sleeper train sets
