നഷ്ടത്തിലായ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ രക്ഷയ്ക്കായി നിർമിതബുദ്ധി അധിഷ്ഠിത പദ്ധതികളുമായി സർക്കാർ . ഇതിന്റെ തുടക്കമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ നിർമിതബുദ്ധിയുടെ സഹായത്തോടെ കെൽട്രോൺ മുഖേന ഇ-കൊമേഴ്സ് സംവിധാനം നടപ്പാക്കുകയാണ്. കെ-ഷോപ്പി KShoppe എന്ന കേന്ദ്രീകൃത ഇ-കൊമേഴ്സ് മാർക്കറ്റിങ് സംവിധാനം നൂതനമാക്കുകയാണ് ആദ്യം ചെയ്യുന്നത്.
വിഭവശേഷിയുടെ ഉയർന്ന വിനിയോഗം, ഉത്പാദനച്ചെലവു നിയന്ത്രണം, ഇന്ത്യക്കകത്തും പുറത്തും വിപണി വിപുലീകരണം എന്നിവ ഇതിലൂടെ സാധ്യമാകും. സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമാകും. ഉദ്യോഗസ്ഥമേഖലയും എ.ഐ. അധിഷ്ഠിതമാക്കും. അതിനായി മാനേജിങ് ഡയറക്ടർമാർ, ചീഫ് എക്സിക്യുട്ടീവുമാർ, മിഡിൽ ലെവൽ ഓഫീസർമാർ എന്നിവർക്കു പ്രത്യേക പരിശീലനം നൽകും. മാർക്കറ്റിങ്, മാനവവിഭവശേഷി വികസനം, സോഫ്റ്റ് സ്കിൽ വികസനം എന്നിവയിലാണു പരിശീലനം.
ഇതിന്റെ ആദ്യപടിയായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിറ്റഴിക്കാൻ നിർമിതബുദ്ധിയുടെ സഹായത്തോടെ നവീകരിക്കാൻ കെൽട്രോണിനെ (KELTRON) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നിർണായക പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളും ഘടനയും വിപണി വിപുലീകരണം, ചെലവ് നിയന്ത്രണം എന്നിവയടക്കമാണ്.
പൊതുമേഖലാ ഉത്പന്നങ്ങൾക്ക് ഇന്ത്യക്കകത്തും പുറത്തും വിപുലമായ വിപണി കണ്ടെത്തും. കെ-ഷോപ്പി വഴി സ്മാർട്ട് സെർച്ച് ഒപ്റ്റിമൈസേഷൻ (SEO), കസ്റ്റമർ അനലിറ്റിക്സ്, AI അധിഷ്ഠിത പ്രൊഡക്ട് റെക്കമൻഡേഷൻസ് എന്നിവ ലഭ്യമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും നിർമിതബുദ്ധി സഹായിക്കും.
ജീവനക്കാരുടെ ശമ്പളത്തിലും മാറ്റം വരും. പരിഷ്കരണസമിതിയുടെ ശുപാർശപ്രകാരം പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ ഏകീകൃത ശന്പളപരിഷ്കരണം നടപ്പാക്കുന്നതു പരിഗണിക്കും. ഏഴു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കു നൽകി വ്യവസായസ്ഥാപനങ്ങളെ ഡയമണ്ട്, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ നാലായി ബ്രാൻഡു ചെയ്യും. സ്ഥാപനങ്ങളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും റാങ്ക് പുനഃക്രമീകരിക്കുകയും ചെയ്യും. 48 സ്ഥാപനങ്ങളെ ഇതിനകം വർഗീകരിച്ചിട്ടുണ്ട്.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ മെച്ചപ്പെടുത്തുന്നതിനുള്ള പഠനവും തുടങ്ങിയിട്ടുണ്ട്. നഷ്ടത്തിലായ മറ്റൊരു സ്ഥാപനം പുനഃസംഘടിപ്പിക്കാനുള്ള പഠനം തുടങ്ങിയതായും വ്യവസായവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
The Kerala Industries Department is introducing AI-powered e-commerce and marketing initiatives under the K-Shoppy project to support loss-making public sector enterprises. The project aims to establish an AI-enabled e-commerce platform through Keltron to market and sell products manufactured by public sector units. Artificial intelligence will also help these enterprises reduce production costs, optimise resource utilisation, and improve operational efficiency.
