വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന ഡിജി യാത്ര (Digi Yatra) സംവിധാനം ഇനി അന്താരാഷ്ട്ര വിമാന യാത്രക്കാർക്കും ലഭ്യമാകുന്നു. നവംബർ 1 മുതൽ കൊച്ചി, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ, അമൃത്സർ എന്നീ ഏഴ് പ്രമുഖ വിമാനത്താവളങ്ങളിലാണ് അന്താരാഷ്ട്ര യാത്രക്കാർക്കായുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കുന്നത്.
ഇ-പാസ്പോർട്ടുള്ള (e-passport) ഇന്ത്യൻ പൗരന്മാർക്ക് എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര സർവീസുകളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ടെർമിനൽ പ്രവേശനം, സെക്യൂരിറ്റി ചെക്കിങ്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ വേഗത്തിൽ കടന്നുപോകാൻ ഇത് സഹായിക്കും. അതേസമയം, പരമ്പരാഗത ഇമിഗ്രേഷൻ, ബോർഡിങ് പാസ് പരിശോധനകൾ നിലവിലെ രീതിയിൽ തന്നെ തുടരും.
ഈ സൗകര്യം ഉപയോഗിക്കുന്നതിനായി യാത്രക്കാർ ഡിജി യാത്ര ആപ്പിൽ തങ്ങളുടെ ഇ-പാസ്പോർട്ടിലെ ചിപ്പ് സ്കാൻ ചെയ്തും സെൽഫിയെടുത്തും വെരിഫൈഡ് ഡിജിറ്റൽ ക്രെഡൻഷ്യൽ നിർമ്മിച്ച് ഡിജി യാത്ര വാലറ്റിൽ സൂക്ഷിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകി ആപ്പിന്റെ ഇന്റർഫേസ് പൂർണ്ണമായും പരിഷ്കരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 2026 വരെ നീണ്ടുനിൽക്കുന്ന ഈ ട്രയലുകളിൽ നിന്നുള്ള യാത്രാനുഭവങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും 2027-ഓടെ രാജ്യമൊട്ടാകെയുള്ള കൂടുതൽ അന്താരാഷ്ട്ര സർവീസുകളിലേക്ക് ഡിജി യാത്ര പൂർണ്ണമായി വ്യാപിപ്പിക്കുക.
Digi Yatra launches international passenger trials starting November 1 across 7 major Indian airports including Kochi for eligible e-passport holders on Air India and IndiGo flights
