ഇന്ത്യയിലെ ലോജിസ്റ്റിക്സ് ശൃംഖല കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാക്കുന്നതിനായി ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയിൽ (JNPA) നിന്ന് രണ്ട് പുതിയ ഡബിൾ സ്റ്റാക്ക് (രണ്ടു തട്ടുകളായുള്ള) ചരക്ക് ട്രെയിൻ സർവീസുകൾ ആരംഭിച്ചതായി മുൻനിര ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേൾഡ് (DP World) അറിയിച്ചു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (DFC) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സർവീസുകൾ മഹാരാഷ്ട്രയിലെ JNPA തുറമുഖത്തെ നാഷണൽ ക്യാപിറ്റൽ റീജിയണിലെയും (NCR) ഗുജറാത്തിലെ സച്ചാനയിലുമുള്ള (അഹമ്മദാബാദ്) ഇൻലാന്റ് കണ്ടെയ്നർ ഡിപ്പോകളുമായി (ICD) നേരിട്ട് ബന്ധിപ്പിക്കുന്നു. ഒറ്റ യാത്രയിൽ കൂടുതൽ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ സാധിക്കുന്ന ഈ സംവിധാനം വഴി ചരക്ക് ഗതാഗത ശേഷി വർദ്ധിപ്പിക്കാനും വ്യവസായങ്ങൾക്ക് വിതരണച്ചെലവ് കുറയ്ക്കാനും സാധിക്കും.
പ്രധാനമന്ത്രി ഗതിശക്തി പദ്ധതി, ദേശീയ ലോജിസ്റ്റിക്സ് നയം (NLP) എന്നിവയ്ക്ക് കരുത്തേകുന്നതാണ് ഡിപി വേൾഡിന്റെ ഈ പുതിയ നീക്കം. നാഷണൽ ക്യാപിറ്റൽ റീജിയണിലെ റെവാരി, പാനിപ്പത്ത്, മോദിനഗർ എന്നിവിടങ്ങളിലേക്കും ഗുജറാത്തിലേക്കുമുള്ള ചരക്ക് നീക്കം ഇതിലൂടെ കൂടുതൽ എളുപ്പമാകും. റോഡ് മാർഗ്ഗമുള്ള ചരക്ക് ഗതാഗതം കുറച്ച് പരിസ്ഥിതി സൗഹൃദപരമായ റെയിൽ ശൃംഖല പ്രയോജനപ്പെടുത്തുന്നത് വഴി കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകുമെന്നും, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ ഉൾപ്പെടെയുള്ള നിർമ്മാണ മേഖലകളിലെ എക്സ്പോർട്ട്-ഇംപോർട്ട് ബിസിനസുകൾക്ക് ഇത് വലിയ സഹായമാകുമെന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി.
DP World launches two double-stack freight train services from JNPA, connecting Maharashtra to NCR and Gujarat via the Dedicated Freight Corridor to boost India’s logistics efficiency
