ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുള്ള കടുത്ത അധികാരത്തർക്കം കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വമ്പൻ രാഷ്ട്രീയ പോരിലേക്ക്. ടാറ്റാ ഗ്രൂപ്പിലെ ആഭ്യന്തര ഭിന്നതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്.
ടാറ്റാ ട്രസ്റ്റ്, ടാറ്റാ സൺസ് ഭാരവാഹികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ഏത് നിയമപരവും വാണിജ്യപരവുമായ ആവശ്യത്തിനാണെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ടാറ്റാ ഗ്രൂപ്പിനെ കേന്ദ്ര സർക്കാർ ക്രിമിനൽ രീതിയിൽ തകർക്കുകയാണെന്നും ഭയം കാരണം വ്യവസായ പ്രമുഖർ മിണ്ടാതിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. സർക്കാരിന്റെ ചില ബിനാമികളായ പ്രമുഖരൊഴികെ ബാക്കിയെല്ലാ വ്യവസായികളും നിലവിലെ ഭരണത്തിൽ അസംതൃപ്തരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകിയത്. എല്ലാ കാര്യങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്ന് നിർമല സീതാരാമൻ ആവശ്യപ്പെട്ടു. സാധാരണ വാണിജ്യ-നിയമ കാര്യങ്ങളെ ‘ക്രിമിനൽ’ നടപടികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ ലോകത്ത് അവിശ്വാസവും ഭയവും വിതയ്ക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ വ്യവസായ മേഖലയെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും പ്രധാന ശക്തിയായിട്ടാണ് കാണുന്നതെന്നും അവർ പറഞ്ഞു.
തർക്കത്തിന്റെ പശ്ചാത്തലം
ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ പുനർനിയമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചത്. സെപ്റ്റംബർ 17-ന് ചേർന്ന ബോർഡ് യോഗത്തിലെ പുനർനിയമന നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തുകയായിരുന്നു. നിർദ്ദിഷ്ട ചട്ടങ്ങൾ പാലിക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് നോയൽ ടാറ്റയുടെ നിലപാട്.
ഇതിനിടയിലാണ് നോയൽ ടാറ്റ, ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖർ അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ടാറ്റാ സൺസിനെ റിസർവ് ബാങ്കിന്റെ അപ്പർ-ലെയർ എൻബിഎഫ്സി (NBFC) നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി സ്വകാര്യ ലിമിറ്റഡ് കമ്പനിയായി നിലനിർത്തണമെന്നും നോയൽ ടാറ്റ ആവശ്യപ്പെടുന്നുണ്ട്. ഗ്രൂപ്പിലെ ഈ പോര് മറനീക്കി പുറത്തുവന്നതോടെയാണ് വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ പ്രതിപക്ഷം രംഗത്തിറങ്ങിയത്.
The Tata Group power struggle turns into a major political clash as Rahul Gandhi accuses the government of dismantling Tata, triggering a strong rebuttal from Finance Minister Nirmala Sitharaman.
