ടയർ 2, ടയർ 3 നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകാൻ പ്രമുഖ എഡ്ടെക് സ്ഥാപനമായ ഫിസിക്സ്വാലയും സ്റ്റാർട്ടപ്പ് ഇന്ത്യയും ധാരണയിലെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡുമായി (DPIIT) ഫിസിക്സ്വാലയുടെ ‘സ്കൂൾ ഓഫ് സ്റ്റാർട്ടപ്പ്സ്’ (PW SoS) രണ്ടുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ചെറുകിട നഗരങ്ങളിലെ നൂതനാശയങ്ങൾക്ക് സാങ്കേതിക പരിശീലനം, പ്രൊട്ടോടൈപ്പ് വികസനം, ഇൻകുബേഷൻ സൗകര്യങ്ങൾ, പ്രാഥമിക ഘട്ട സീഡ് ഫണ്ടിംഗ് എന്നിവ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

പദ്ധതിയുടെ ഭാഗമായി PW UDYAMI എന്ന പേരിലുള്ള 90 ദിവസത്തെ ഓൺലൈൻ പരിശീലനവും തുടർന്നുള്ള ഒരു വർഷത്തെ മെന്റർഷിപ്പും സംരംഭകർക്ക് നൽകും. കൂടാതെ, പ്രൊട്ടോടൈപ്പ് വികസനത്തിനും പിച്ച് സജ്ജീകരണത്തിനുമായി 5 ദിവസത്തെ ‘ആരംഭ് ഇമ്മേർഷൻ’ (Aarambh Immersion) റെസിഡൻഷ്യൽ ക്യാമ്പും സംഘടിപ്പിക്കും. വളർച്ചാ ഘട്ടത്തിലുള്ള 200 കമ്പനികൾക്ക് ഫണ്ട് സ്വരൂപണത്തിന് സഹായിക്കുന്ന ഗ്രോത്ത് സ്റ്റേജ് സിഇഒ പ്രോഗ്രാമും ഡീപ്ടെക് ആക്സിലറേറ്റർ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പ്രാദേശിക നവീകരണ ഹബ്ബുകളെ ശക്തമാക്കാനും സാധാരണക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വൻകിട സംരംഭങ്ങളായി മാറാനും പുതിയ കൂട്ടുകെട്ട് വഴിതുറക്കുമെന്ന് ഡിപിഐഐടി വ്യക്തമാക്കി.
PhysicsWallah has partnered with Startup India and DPIIT to provide seed funding, mentorship, and incubation support to startups in Tier-2 and Tier-3 cities.
