ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക വികസനവും തന്ത്രപ്രധാന സഹകരണവും പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യു.എ.ഇയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി. അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും ഇന്ത്യയിലെ യു.എ.ഇ പ്രത്യേക ദൂതയുമായ റീം അൽ ഹാഷിമിയുമായി അബുദാബിയിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തിയ നേതാക്കൾ പ്രാദേശിക, ആഗോള വിഷയങ്ങളിൽ ആശയവിനിമയം നടത്തി.

സാംസ്കാരിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറകുമായും വിക്രം മിസ്രി ചർച്ച നടത്തി. ഇന്ത്യൻ കലയും ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ‘ഹൗസ് ഓഫ് ഇന്ത്യ’ മ്യൂസിയം പദ്ധതിയും വിനോദസഞ്ചാര മേഖലയിലെ സഹകരണവും ചർച്ചയിൽ വിഷയമായി. കൂടാതെ അബുദാബി ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം മുഹമ്മദ് ബു അതാബ അൽ സാബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും ദീർഘകാല വാണിജ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വഴികൾ ആരായുകയും ചെയ്തു.
Foreign Secretary Vikram Misri visited the UAE to review bilateral relations, economic cooperation, and strategic partnership with UAE Minister Reem Al Hashimy.

