ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ആഗോള വളർച്ചയിൽ പുതിയ ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്സ്. ഇറ്റലിയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ഐവെക്കോ ഗ്രൂപ്പിനെ (Iveco Group) ഏറ്റെടുത്തതോടെ ലോകത്തെ നാലാമത്തെ വലിയ വാണിജ്യ വാഹന നിർമാണ ഗ്രൂപ്പായി ടാറ്റയുടെ സംയുക്ത സംരംഭം മാറി. ₹2.28 ലക്ഷം കോടിയിലധികം വാർഷിക വരുമാനവും 130ലധികം രാജ്യങ്ങളിൽ സാന്നിധ്യവുമുള്ള ആഗോള വാഹനശക്തിക്കാണ് ഇതോടെ രൂപം നൽകിയിരിക്കുന്നത്. ആറ് ടണ്ണിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയുടെ അടിസ്ഥാനത്തിലാണ് സംയുക്ത ഗ്രൂപ്പിന് ലോകത്ത് നാലാം സ്ഥാനമുള്ളത്. ഇറ്റലിയിലെ ടൂറിനിൽ, മാധ്യമങ്ങളെ കാണവേ ആണ് ടാറ്റ മോട്ടോഴ്സും ഐവെക്കോ ഗ്രൂപ്പും പുതിയ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

ടാറ്റ സൺസ്, ടാറ്റ മോട്ടോഴ്സ്, ഐവെക്കോ ഗ്രൂപ്പ് എന്നിവയുടെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗിരീഷ് വാഗ്, ഐവെക്കോ ഗ്രൂപ്പ് സിഇഒ ഒലോഫ് പെർസൺ തുടങ്ങിയവർ പങ്കെടുത്തു. ഐവെക്കോ ഗ്രൂപ്പിന്റെ 89.42 ശതമാനം ഓഹരികളാണ് ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഏകദേശം 3.43 ബില്യൺ യൂറോ, അഥവാ ₹36,000 കോടി ചെലവഴിച്ചു. ഇതോടെ ഐവെക്കോ ടാറ്റ മോട്ടോഴ്സിന്റെ പരോക്ഷ അനുബന്ധ സ്ഥാപനമായി മാറി. 2008ൽ ഫോർഡിൽനിന്ന് ജാഗ്വാർ ലാൻഡ് റോവർ ബ്രാൻഡുകൾ ഏറ്റെടുത്തതിനുശേഷമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
ഒക്ടോബർ 30നാണ് ഐവെക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി ടാറ്റ മോട്ടോഴ്സിലേക്ക് മാറിയത്. ശേഷിക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റെടുക്കൽ നടപടികളും തുടരുകയാണ്. ഇറ്റലിയിലെ ഓഹരി വിപണികളിൽനിന്ന് ഐവെക്കോയെ ഡീലിസ്റ്റ് ചെയ്യാനുള്ള നടപടികളും ടാറ്റ ആരംഭിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെയും ഐവെക്കോയുടെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ വാണിജ്യ വാഹന മേഖലയിൽ വലിയ ആഗോള ശൃംഖലയാണ് രൂപപ്പെട്ടിരിക്കുന്നത്.
ടാറ്റ മോട്ടോഴ്സിന്റെയും ഐവെക്കോയുടെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാഹന വിൽപ്പനയിലും വരുമാനത്തിലും ലാഭക്ഷമതയിലും ഗണ്യമായ വളർച്ച കൈവരിക്കാനാകുമെന്നാണ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പ്രതീക്ഷ. രണ്ട് കമ്പനികളും നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Tata Motors acquires an 89.42% stake in Italy’s Iveco Group for ₹36,000 crore, making it the world’s fourth-largest commercial vehicle manufacturer.

