അമേരിക്കൻ പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ജുഡീഷ്യൽ മത്സരങ്ങളിലും മലയാളികൾക്ക് തിളക്കമാർന്ന നേട്ടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ മാർട്ടിൻ ജോൺ, കാസർകോട് സ്വദേശിയായ സുരേന്ദ്രൻ കെ. പട്ടേൽ, തിരുവല്ല സ്വദേശിയായ ജൂലി എ. മാത്യു എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മാർട്ടിൻ ജോൺ ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ 240ആമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായും ജൂലി എ. മാത്യു കൗണ്ടി കോർട്ട് അറ്റ് ലോ ജഡ്ജിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മാർട്ടിൻ ജോൺ 1.22 ലക്ഷം വോട്ടുകൾ (57.68%) നേടി 32,515 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്ന ഇദ്ദേഹം എം.ജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം 2000ലാണ് കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറിയത്. സുരേന്ദ്രൻ കെ. പട്ടേൽ 1.59 ലക്ഷം വോട്ടുകൾ (59.89%) നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശ റെഡ്ഢിയെ പരാജയപ്പെടുത്തിയത്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി ഹൊസ്ദുർഗ് കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് 2007ൽ സുരേന്ദ്രൻ അമേരിക്കയിലേക്ക് കുടിയേറിയത്.
ജൂലി എ. മാത്യു 1.68 ലക്ഷം വോട്ടുകൾ (60.10%) നേടിയാണ് കൗണ്ടി കോർട്ട് അറ്റ് ലോ ജഡ്ജി പദവി നിലനിർത്തിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസീക ജരമിയോയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. 1986ൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെത്തിയ ഇവർ, 2018ൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജയായ ജഡ്ജിയായും അമേരിക്കയിൽ നീതിപീഠത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയായും മാറിയിരുന്നു.
Three Malayalis — Martin John, Surendran K. Patel, and Julie A. Mathew — achieve a historic victory in the US local and judicial elections in Texas
