യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി പദവി ഒഴിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി മാർക്കോ റൂബിയോ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി തീരുന്നതുവരെ ഭരണകൂടത്തിന്റെ ഭാഗമായി തുടരുക എന്നതാണ് തന്റെ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമൊഴിയുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും വൈറ്റ് ഹൗസ് ഓഫീസിൽ നൽകിയ അഭിമുഖത്തിൽ റൂബിയോ പ്രതികരിച്ചു.

താൻ ചെയ്യുന്ന ജോലിയെ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ റൂബിയോ, താൻ പദവി ഒഴിയുമെന്ന വാർത്തകളെ തമാശയോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. വിദേശകാര്യ സെക്രട്ടറി പദവിക്ക് പുറമേ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയാണ് റൂബിയോ. എന്നാൽ 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. 2028-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇനി സംസാരിക്കില്ലെന്നായിരുന്നു റൂബിയോയുടെ നിലപാട്.
മിഡ്ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ റൂബിയോ രാജിവെക്കാൻ ആലോചിക്കുന്നതായി ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റൂബിയോ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും ട്രംപിന്റെ അടുത്ത അനുയായിയുമായ സെർജിയോ ഗോറിനെ പരിഗണിക്കുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെയുള്ള ഉന്നത പദവികളിലേക്കും ഗോറിന്റെ പേര് പരിഗണിക്കപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി റൂബിയോ ഇത് സംബന്ധിച്ച് സംസാരിച്ചെന്നും സ്ഥാനത്ത് തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നുമാണ് പുറത്തുവന്ന വിവരങ്ങൾ. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താനും ട്രംപ് ഭരണകൂടത്തിന്റെ വീഴ്ചകളിൽ നിന്ന് അകന്നുനിൽക്കാനുമാണ് റൂബിയോ രാജിക്കൊരുങ്ങുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും വ്യാജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള മാധ്യമ സൃഷ്ടിയാണെന്നും വൈറ്റ് ഹൗസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്താമാക്കി. മറ്റൊരു പദവിയിലും താൽപര്യമില്ലെന്നും റൂബിയോയ്ക്ക് പകരക്കാരനാകുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും സെർജിയോ ഗോറും പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയ വക്താക്കളും വൈറ്റ് ഹൗസ് പ്രതിനിധികളും റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. റൂബിയോ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ രാജി അഭ്യൂഹങ്ങൾക്ക് നിലവിൽ വിരാമമായിരിക്കുകയാണ്.
US Secretary of State Marco Rubio dismisses rumors of his resignation following midterm elections, confirming he will remain in Donald Trump’s administration.

