28 കോടിയിലധികം പ്രീ-സീരീസ് എ റൗണ്ടിൽ സമാഹരിച്ച് കേരളാ സ്റ്റാർട്ടപ്പ് വെന്റ്പ്പ് (Venttup). പ്രമുഖ എയ്ഞ്ചൽ നിക്ഷേപ സ്ഥാപനങ്ങളായ സെറോദയുടെ റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചേർന്നാണ് നിക്ഷേപ സമാഹരണത്തിന് നേതൃത്വം നൽകിയത്.

കൊച്ചിയിലെ വെന്റ്പ്പിന്റെ എഞ്ചിനീയറിംഗ് ടീമിനെ വിപുലീകരിക്കാനും, ബെംഗളൂരുവിലെ ഹൈ-ടെക് ഡിഫൻസ് & എയ്റോസ്പേസ് പാർക്കിൽ അത്യാധുനിക നിര്‍മ്മാണ കേന്ദ്രവും ദ്രുതഗതിയിലുള്ള ഉത്പന്ന മാതൃകാ സൗകര്യങ്ങളും സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കുമെന്ന് വെന്റ്പ്പ് സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായർ വ്യക്തമാക്കി. കൂടാതെ, ബി2ബി സോഴ്സിംഗ്, വിതരണക്കാരുടെ വിവരശേഖരണം, പ്രവർത്തനക്ഷമത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകളും നിര്‍മ്മിതബുദ്ധിയും (എഐ) കമ്പനി പ്രയോജനപ്പെടുത്തും.
പുനരുപയോഗ ഊർജ്ജം, പ്രതിരോധം, എയ്റോസ്പേസ്, ബഹിരാകാശ മേഖലകൾ എന്നിവയിൽ രൂപകൽപ്പന, വികസനം, വൻതോതിലുള്ള ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ മൂലധന സമാഹരണം കമ്പനിയെ സഹായിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തത്തോടെ മികച്ച നിർമ്മാണ മാതൃകയാണ് കമ്പനി കെട്ടിപ്പടുക്കുന്നതെന്നും സന്ദീപ് നായര്‍ പറഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് പ്രമുഖ നിർമ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ‘ഇന്ത്യ ഫോർ ഇന്ത്യ, ഇന്ത്യ ഫോർ ദ വേൾഡ്’ എന്ന ദൗത്യത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
കെഎസ്യുഎമില് ഇൻകുബേറ്റ് ചെയ്യപ്പെട്ട വെന്റ്പ്പ്, 2024-ലെ സീഡ് റൗണ്ടിന് ശേഷം വരുമാനത്തിൽ അഞ്ചിരട്ടി വളർച്ച രേഖപ്പെടുത്തി നടപ്പുവർഷത്തിൽ 10 കോടി രൂപ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രമുഖ കമ്പനികൾ ഉൾപ്പെടെ 15-ലധികം വൻകിട ഉപഭോക്താക്കളെ സ്വന്തമാക്കിയ വെന്റ്പ്പിന് നിലവിൽ 30 കോടി രൂപയുടെ ബിസിനസ് ഓർഡറുകൾ പൈപ്പ് ലൈനിലുണ്ട്.
ഇന്ത്യയിലെ ഡീപ്-ടെക്, ഹാർഡ്വെയർ സ്റ്റാർട്ടപ്പുകൾക്കും നിർമ്മാണ സ്ഥാപനങ്ങൾക്കും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കാൻ വെന്റ്പ്പിന്റെ വികസനം വഴി സാധിക്കുമെന്ന് റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചൂണ്ടിക്കാട്ടി. ഊർജ്ജ-ഡാറ്റാ സെന്ററുകൾ, എയ്റോസ്പേസ്-പ്രതിരോധ സംവിധാനങ്ങൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമേഷൻ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹിറ്റാച്ചി എനർജി, സീമെൻസ്, എൽ ആൻഡ് ടി, കൽപതരു പവർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള സന്ദീപ് നായർ (സഹസ്ഥാപകന്‍, സിഇഒ), എം. വസീം അംഗ്ലി (സഹസ്ഥാപകന്‍ സിഒഒ), ജോസഫ് പനക്കൽ (സഹസ്ഥാപകന്‍ സിഎംഒ) എന്നിവർ ചേർന്നാണ് വെന്റപ്പ് സ്ഥാപിച്ചത്.
KSUM incubated Industries 5.0 startup, has raised $3 million (over Rs 28 crore) in a Pre-Series A funding round led by Rainmatter by Zerodha and Unicorn India Ventures.The funding will support the company’s expansion across the renewable energy, defence, aerospace and space sectors, enabling it to take projects from engineering design and development to validation and large-scale production.

