കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പതിനെട്ടു മാസം പ്രായമുള്ള കോടനാട് അഭയാരണ്യത്തിലെ ‘മായ’ എന്ന കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര തീവ്രപരിചരണ കേന്ദ്രത്തിലേക്ക് എയർലിഫ്റ്റ് ചെയ്തു. മുൻകാലുകൾക്ക് ഒടിവ് സംഭവിച്ച് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടിയാന. വൻതാര സ്ഥാപകൻ അനന്ത് അംബാനിയുടെ പ്രത്യേക താല്പര്യപ്രകാരം സംഘടനയുടെ വിദഗ്ധ മൃഗസംരക്ഷണ സംഘത്തെ ദൗത്യത്തിനായി സജ്ജമാക്കുകയായിരുന്നു. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി നൽകിയ കൈമാറ്റ ഉത്തരവിനെ തുടർന്നാണ് കുട്ടിയാനയെ കൊച്ചിയിൽ നിന്ന് ജാംനഗറിലേക്ക് മാറ്റിയത്.

2025 ഏപ്രിൽ 19-നാണ് മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽ കൂട്ടംതെറ്റിയ നിലയിൽ കുട്ടിയാനയെ കണ്ടെത്തുന്നത്. നിർജ്ജലീകരണവും ക്ഷീണവും ബാധിച്ച അവസ്ഥയിലായിരുന്നു ഈ ആനക്കുട്ടി. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിച്ചാണ് മായയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ 2026 ജൂലൈയിൽ കളിക്കുന്നതിനിടെ വീണ് മായയുടെ തോളിന് പരിക്കേറ്റു. ഫിസിയോതെറാപ്പിയും മരുന്നുകളും നൽകിയെങ്കിലും അനുദിനം എല്ലുകളുടെ ബലക്ഷയം വർദ്ധിച്ചു. ഒക്ടോബർ അവസാനത്തോടെ മുൻകാലുകളിലെ എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ശ്വാസകോശത്തിൽ അണുബാധയും മുറിവുകളും രൂപപ്പെടുകയും ചെയ്തതോടെ സ്ഥിതി ഗുരുതരമായി.
തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂടുതൽ വിദഗ്ധർക്കൊപ്പം കൂടിയാലോചനകൾ നടത്തി. വൻതാരയുടെ വെറ്ററിനറി അഡ്വൈസറും പത്മശ്രീ ജേതാവുമായ പ്രശസ്ത ആന ചികിത്സാ വിദഗ്ധൻ ഡോ. കുശാൽ കൊൻവാർ ശർമ്മ, പാരാതൈറോയ്ഡ് സംബന്ധമായ തകരാറാകാം ഇതെന്നും ചികിത്സയിലൂടെ മാറ്റിയെടുക്കാമെന്നും നിർദ്ദേശിച്ചു. വൻതാ എലിഫന്റ് കേർ സെന്റർ ഹെഡ് വെറ്ററിനേറിയൻ ഡോ. യാദുരാജ് ഖാഡ്പേക്കറും മെഡിക്കൽ ബോർഡും ഇതിനോട് യോജിച്ചതോടെയാണ് മായയ്ക്ക് വിദഗ്ധ ചികിത്സ നൽകാൻ തീരുമാനമായത്.
വൻതാരയിലെ മൂന്ന് വെറ്ററിനറി ഡോക്ടർമാർ, പാരാവെറ്റുകൾ, പരിചാരകർ എന്നിവരടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിൽ ലൈഫ് സപ്പോർട്ട് സൗകര്യത്തോടെയാണ് മായയെ എയർലിഫ്റ്റ് ചെയ്തത്. വൻതാരയിൽ ഹൈഡ്രോളിക് ലിഫ്റ്റിംഗ്, ഹൈഡ്രോതെറാപ്പി, ആധുനിക രോഗനിർണ്ണയ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പരിചരണമാണ് ലഭ്യമാക്കുക. മായയുടെ പൂർണ്ണ നിയന്ത്രണം കേരള വനംവകുപ്പിൽ തന്നെയായിരിക്കും. ചികിത്സയ്ക്ക് ശേഷം ആനക്കുട്ടിയെ അഭയാരണ്യത്തിലേക്ക് തിരികെ എത്തിക്കുമെന്ന് വൻതാര അധികൃതർ അറിയിച്ചു.
18-month-old elephant calf Maya from Kodanad Abhayaranyam has been airlifted to Vantara in Gujarat for expert medical treatment following severe leg fractures and bone density loss.

