റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ടിക്കറ്റ് ബുക്കിംഗിൽ സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. അവസാന നിമിഷം ടിക്കറ്റെടുക്കാൻ സഹായിക്കുന്ന തത്കാൽ സൗകര്യം വന്ദേ ഭാരത് സ്ലീപ്പറിൽ ലഭ്യമാകില്ല. കൂടാതെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ഫ്ലെക്സി ഫെയർ സമ്പ്രദായവും ഈ ട്രെയിനുകളിൽ നടപ്പിലാക്കില്ല. റെഗുലർ റിസർവേഷൻ സംവിധാനം വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാ തീയതി അടുത്താലും സ്ഥിരമായ നിരക്കിൽ തന്നെ ടിക്കറ്റ് സ്വന്തമാക്കാം.

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ കൺഫേം ചെയ്ത ബെർത്തുകൾ മാത്രമേ അനുവദിക്കൂ. ആർ.എ.സി അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഇല്ലാത്തതിനാൽ അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നതിന് പകരം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 3-ടയർ എ.സി (611 ബെർത്തുകൾ), 2-ടയർ എ.സി (188 ബെർത്തുകൾ), ഫസ്റ്റ് ക്ലാസ് എ.സി (24 ബെർത്തുകൾ) എന്നിങ്ങനെ ആകെ 823 ബെർത്തുകളാണ് ഒരു ട്രെയിനിലുള്ളത്. 3-ടയർ എ.സിയിൽ വനിതകൾക്കായി 6 ബെർത്തുകളും റെയിൽവേ ജീവനക്കാർക്കായി 21 ബെർത്തുകളും സംവരണം ചെയ്തിട്ടുണ്ട്. നിലവിൽ മൂന്ന് റൂട്ടുകളിലാണ് വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുന്നത്.
Vande Bharat Sleeper trains will have no Tatkal or flexi fares. Only confirmed berths are available, making advance ticket booking essential.

