നിർണ്ണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, വിതരണ ശൃംഖലയുടെ സുരക്ഷ, വ്യാവസായിക പങ്കാളിത്തം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. പാരീസിൽ നടന്ന പ്രഥമ ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക സുരക്ഷാ-നിർണ്ണായക സാങ്കേതികവിദ്യാ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന ചർച്ചകൾ നടന്നത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ മാർട്ടിൻ ബ്രിയൻസും സംയുക്തമായാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിനും ‘ഇന്നൊവേഷൻ റോഡ്മാപ്പ് 2030’-നും ഈ ചർച്ചകൾ കരുത്തേകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യോഗത്തിൽ തീരുമാനിച്ച മുൻഗണനാ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും ധാരണയായി. രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ വിക്രം മിസ്രി, ‘ഹൊറൈസൺ 2047’ (Horizon 2047) റോഡ്മാപ്പിന്റെ പുരോഗതിയും ഇന്ത്യ-ഫ്രാൻസ് ആഗോള തന്ത്രപ്രധാന പങ്കാളിത്തവും മാർട്ടിൻ ബ്രിയൻസുമായി ചേർന്ന് അവലോകനം ചെയ്തു. ഉഭയകക്ഷി സഹകരണത്തിന് പുറമെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം, പ്രാദേശിക-ആഗോള വിഷയങ്ങൾ, ബഹുരാഷ്ട്ര വേദികളിലെ സഹകരണം എന്നിവയും ഇരുവരും ചർച്ച ചെയ്തു.
india and france agree to boost cooperation in critical technologies, cyber security, supply chain resilience, and industrial partnerships during bilateral talks in paris.
