കാർ ശേഖരത്തിലേക്ക് പുതിയ ലക്സസ് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തി സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ജാപ്പനീസ് ആഢംബര നിർമാതാക്കളായ ലക്സസിന്റെ വ്യത്യസ്ത മോഡലുകളാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി പുതിയ ലക്സസ് ഇ.എസ് 350എച്ച് (ES 350h) ലക്ഷ്വറി സെഡാൻ സ്വന്തമാക്കിയപ്പോൾ, മോഹൻലാൽ തിരഞ്ഞെടുത്തത് ഇന്ത്യയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും വിലകൂടിയ ലക്ഷ്വറി എം.പി.വിയായ ലക്സസ് എൽ.എം 350എച്ച് (LM 350h) ആണ്.

അന്താരാഷ്ട്ര വിപണിയിൽ തരംഗമായ എട്ടാം തലമുറ ലക്സസ് സെഡാനാണ് മമ്മൂട്ടി വാങ്ങിയത്. 2.5 ലിറ്റർ 4-സിലിണ്ടർ സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോൾ എൻജിനാണ് ഇതിലുള്ളത്. 244 പി.എസും 270 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിന് ഇ-സി.വി.ടി ഗീയർബോക്സാണുള്ളത്. 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാർക്ക് ലെവിൻസൺ പ്രീമിയം ഓഡിയോ സിസ്റ്റം, ലെവൽ 2 അഡാസ് (ADAS) തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ ഈ കാറിലുണ്ട്. ഇഎസ് സെഡാന്റെ ലക്ഷ്വറി വേരിയന്റിന് 71.80 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
മറുവശത്ത്, ടൊയോട്ട വെൽഫയറിന്റെ ആഡംബര പതിപ്പായ ലക്സസ് എൽ.എം 350എച്ച് ആണ് മോഹൻലാൽ സ്വന്തമാക്കിയത്. 4 സീറ്റർ, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാകുന്ന ഈ എം.പി.വിയിൽ എയർലൈൻ ശൈലിയിലുള്ള റിക്ലൈനർ സീറ്റുകൾ, 48 ഇഞ്ച് ടി.വി, 23 സ്പീക്കർ സൗണ്ട് സിസ്റ്റം, റഫ്രിജറേറ്റർ തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്. എൽഎം എംപിവിക്ക് 2.27 കോടി രൂപ മുതലാണ് എക്സ് ഷോറൂം വില. താരങ്ങളുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇതിനോടകം തന്നെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട്.
Malayalam superstars Mammootty and Mohanlal add new Lexus luxury cars to their collections. Mammootty buys the Lexus ES 350h sedan while Mohanlal picks the Lexus LM 350h MPV. Read features, price, and specs.

