കാലാവസ്ഥാ വിശകലന രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ടപ്പ് ‘മിസ്റ്റിയോ’ (mistEO) 18 കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സമാഹരിച്ചു. എം.ജി.എഫ്-കവച് (MGF-Kavachh) നേതൃത്വം നൽകിയ നിക്ഷേപ റൗണ്ടിൽ സീഫണ്ടും (Seafund) മറ്റ് നിക്ഷേപകരും പങ്കാളികളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ‘ഹഡിൽ ഗ്ലോബൽ 2026’ (HUDDLE GLOBAL 2026) വേദിയിലാണ് നിക്ഷേപ പ്രഖ്യാപനം നടന്നത്.

സമാഹരിച്ച തുക ഇന്ത്യയിലെയും ഏഷ്യയിലെയും ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, കാർഷിക മേഖല എന്നിവയ്ക്കായുള്ള തങ്ങളുടെ പ്രധാന പ്ലാറ്റ്ഫോമായ ‘ക്ലൈമറ്റ് ഡിസിഷൻ ഇന്റലിജൻസ്’ (CDI) വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2019-ൽ സാമുവൽ ജോൺ, അംബരീഷ് നാരായണൻ എന്നിവർ ചേർന്ന് സ്ഥാപിച്ച മിസ്റ്റിയോ, നിർമിതബുദ്ധി (AI), മെഷീൻ ലേണിംഗ് എന്നിവയുടെ സഹായത്തോടെ കാലാവസ്ഥാ വിവരങ്ങളെ കൃത്യമായ പ്രവചനങ്ങളാക്കി മാറ്റുന്നു. കൃഷിയിടങ്ങളെയും വായ്പകളെയും കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി അറിയാൻ ഇവരുടെ സാങ്കേതികവിദ്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നു.
പ്രതിരോധ മേഖലയിലും പങ്കാളിത്തം
കമ്പനിയുടെ സ്വന്തം കാലാവസ്ഥാ പ്രവചന മോഡലായ ‘ഇന്ദ്ര’ (Indra), മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സൂക്ഷ്മമായ കാലാവസ്ഥാ മാറ്റങ്ങൾ വരെ കൃത്യമായി പ്രവചിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ വ്യോമസേനയുമായി (IAF) ചേർന്ന് ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കുന്ന സംവിധാനത്തിലും ഇന്ത്യൻ നാവികസേനയ്ക്കുള്ള മുന്നറിയിപ്പ് സംവിധാനത്തിലും മിസ്റ്റിയോ പ്രവർത്തിക്കുന്നുണ്ട്. നബാർഡ് (NABARD), യു.എൻ.ഡി.പി (UNDP) എന്നിവയുമായും കമ്പനി സഹകരിക്കുന്നു. തിരുവനന്തപുരത്തിന് പുറമെ ഓസ്ട്രേലിയയിലെ മെൽബണിലും ഓഫീസുള്ള മിസ്റ്റിയോ, ഏഷ്യൻ വിപണിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും ടീം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
Thiruvananthapuram-based climate tech startup mistEO secures ₹18 crore in seed funding led by MGF-Kavachh and Seafund at Huddle Global 2026.

