പ്രായമായവരുടെ ഏകാന്തതയും ആരോഗ്യപരിചരണത്തിലെ വെല്ലുവിളികളും പരിഹരിക്കുന്നതിനായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘കെയർപാൽ’ (CarePal) എന്ന ബെഡ്സൈഡ് ഹെൽത്ത്കെയർ അസിസ്റ്റന്റുമായി നടനും ടെക് സംരംഭകനുമായ പ്രകാശ് ബാരെ. കേരളം പോലുള്ള സമൂഹങ്ങളിൽ പ്രായമായവരെ ഓൾഡ് ഏജ് ഹോമിലാക്കുന്നത് വലിയ വൈകാരിക വിഷയമാണെന്നും, ആധുനിക എ.ഐ സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിച്ച് വീടുകളിൽ തന്നെ മികച്ച പരിചരണം ഉറപ്പാക്കുകയാണ് കെയർപാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഉണരുന്നത് മുതൽ രോഗിയുമായി സംസാരിച്ച് ഉറക്കം, ക്ഷീണം, ശാരീരിക വേദനകൾ, ശ്വാസതടസ്സം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാനും മരുന്നുകളുടെയും ഭക്ഷണത്തിന്റെയും ഫിസിയോതെറാപ്പിയുടെയും സമയം കൃത്യമായി ഓർമ്മിപ്പിക്കാനും ഈ ഉപകരണത്തിന് സാധിക്കും.

ഓരോ ദിവസത്തെയും ആരോഗ്യവിവരങ്ങളും മരുന്ന് കഴിച്ചതിന്റെ വിവരങ്ങളും ക്രോഡീകരിച്ച് ദൂരെയുള്ള കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും അയച്ചുകൊടുക്കാൻ കെയർപാലിന് കഴിയും. കൂടാതെ, മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ ഫാർമസിയുമായും പരിശോധനകൾക്കായി ലാബുകളുമായും ബന്ധിപ്പിച്ച് ആരോഗ്യമേഖലയിലെ മുഴുവൻ സംവിധാനങ്ങളെയും ഒന്നിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സബ്സ്ക്രിപ്ഷൻ മാതൃകയിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന ഈ ഉപകരണം, വയോജനങ്ങളുടെ ഏകാന്തത അകറ്റാൻ മികച്ച കൂട്ടായി പ്രവർത്തിക്കുന്നതിനൊപ്പം കൃത്യമായ ചികിത്സാ സഹായവും ഉറപ്പാക്കുമെന്ന് പ്രകാശ് ബാരെ കൂട്ടിച്ചേർത്തു.
Actor and entrepreneur Prakash Bare launches CarePal, an AI-powered bedside healthcare assistant designed to transform elderly care, monitor health, and offer companionship.

