ദാരിദ്ര്യത്തിൽ നിന്ന് കരകയറിയവർ അനിയന്ത്രിതമായ ചെലവുകളിലൂടെ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴാതിരിക്കാൻ ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിസഭാംഗങ്ങളോടും സെക്രട്ടറിമാരോടും സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ‘തിന്നുക, കുടിക്കുക, ആഘോഷിക്കുക’ എന്നതല്ല ഇന്ത്യൻ സംസ്കാരമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും വളർത്തിയെടുക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഏകദേശം 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2011-നും 2023-നും ഇടയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യനിർമ്മാർജ്ജന നിരക്ക് കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമഫലമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ നിലനിർത്തുന്നതിനൊപ്പം, അടുത്ത തലമുറയെ സംരക്ഷിക്കാനായി ലഹരിമരുന്ന് ഉപയോഗത്തെ അടുത്ത പ്രധാന ലക്ഷ്യമായി കണ്ട് പ്രവർത്തിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
Prime Minister Narendra Modi urged ministers and secretaries to promote the habit of saving to ensure people rising out of poverty do not slip back due to uncontrolled spending.

