ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പാകിസ്ഥാൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും മൂലം 2025-26 സാമ്പത്തിക വർഷത്തിൽ (FY26) എയർ ഇന്ത്യയുടെ നഷ്ടം 22,000 കോടി രൂപ കടന്നു. ദീർഘദൂര വിമാന സർവീസുകളെ ബാധിച്ച വ്യോമപാത നിയന്ത്രണങ്ങളും പ്രവർത്തന ചെലവിലുണ്ടായ വർദ്ധനവും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയുടെ തിരിച്ചുവരവ് ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ചെലവുകൾ പുനഃക്രമീകരിക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വെള്ളിയാഴ്ച ഗുരുഗ്രാമിലെ ആസ്ഥാനത്ത് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ എയർ ഇന്ത്യ ബോർഡ് യോഗം ചേർന്നു. ചെലവ് ചുരുക്കൽ നടപടികൾക്കൊപ്പം ബജറ്റ് എയർലൈൻ വിഭാഗമായ എയർ ഇന്ത്യ എക്സ്പ്രസുമായി കൂടുതൽ ഏകോപനം സാധ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി.

വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം പുതിയ വിമാനങ്ങൾ ലഭിക്കാൻ വൈകുന്നത് എയർ ഇന്ത്യയുടെ നവീകരണ, വിപുലീകരണ പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ടെവോൾഡ് ഗെബ്രെമറിയം ചെലവ് ചുരുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിവരികയാണ്; ഇതിനായി കമ്പനി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ടാറ്റാ സൺസിനും സിംഗപ്പൂർ എയർലൈൻസിനും സംയുക്ത ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ബോർഡ് യോഗത്തിൽ സി.ഇ.ഒ ഗെബ്രെമറിയം, സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ ഗോ ചൂൺ ഫോങ്, പി.ബി ബാലാജി, സ്വതന്ത്ര ഡയറക്ടർമാരായ സഞ്ജീവ് മേത്ത, ആലീസ് ജി. വൈദ്യൻ, പി.ആർ രമേഷ് എന്നിവർ പങ്കെടുത്തു.
Air India’s losses cross ₹22,000 crore in FY26 due to surging fuel costs and airspace restrictions, prompting Tata Group to review expenses and operations.

