ഇന്ത്യൻ അത്യാഡംബര കാർ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനായി തങ്ങളുടെ എക്സ്ക്ലൂസീവ് ആഡംബര ബ്രാൻഡായ ‘ബിഎംഡബ്ല്യു ആൽപിന’ (BMW ALPINA) 2027-ഓടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള ബിഎംഡബ്ല്യു മോഡലുകൾക്ക് മുകളിലും റോൾസ് റോയ്സിന് താഴെയുമായി പ്രത്യേക ആഡംബര ബ്രാൻഡായിട്ടായിരിക്കും ആൽപിനയെ അവതരിപ്പിക്കുക. രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ഡീലർഷിപ്പ് ശൃംഖല ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടികളും വിപണി പഠനങ്ങളും പുരോഗമിക്കുന്നതായാണ് സൂചന. എന്നാൽ കമ്പനി ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഉയർന്ന പ്രകടനക്ഷമതയ്ക്കൊപ്പം ദീർഘദൂര യാത്രാസുഖവും കസ്റ്റമൈസേഷൻ സൗകര്യങ്ങളും നൽകുന്ന വാഹനങ്ങളാണ് ബിഎംഡബ്ല്യു ആൽപിന പുറത്തിറക്കുന്നത്. 2026 ജനുവരി ഒന്നിന് ആഗോളതലത്തിൽ പുതിയ ബ്രാൻഡായി പുനരവതരിപ്പിച്ച ബിഎംഡബ്ല്യു ആൽപിനയുടെ ആദ്യ പ്രൊഡക്ഷൻ മോഡൽ 2027-ൽ പുറത്തിറങ്ങും. ഇതിന് പുറമെ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമാകുന്നതോടെ യൂറോപ്പിൽ നിന്നുള്ള ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയിൽ ലഭിക്കാനിരിക്കുന്ന ഇളവുകളും ആൽപിനയുടെ ഇന്ത്യൻ പ്രവേശനത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
BMW is preparing to launch its ultra-luxury brand BMW Alpina in India by 2027, targeting top luxury buyers positioned above standard BMW models and below Rolls-Royce.
