കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ കൗതുകവും പ്രതീക്ഷയും പകർന്ന് ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ‘സ്മാർട്ട് ഗ്ലൗ’. സംസാരശേഷി ഇല്ലാത്തവർക്ക് ആശയവിനിമയം എളുപ്പമാക്കാൻ ലക്ഷ്യമിട്ട് റെഡ്ഫോക്സ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ നിർമിതബുദ്ധി കൈയുറ സമ്മിറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.

കൈയുറ ധരിച്ച് കാണിക്കുന്ന ഏതുതരം ആംഗ്യഭാഷയെയും നിമിഷനേരംകൊണ്ട് ശബ്ദമായും എഴുത്തായും ചിത്രങ്ങളായും മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കൈയുറയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താവ് കാണിക്കുന്ന ആംഗ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ആപ്പിൽ തെളിയുകയും തുടർന്ന് അത് ശബ്ദമായി പുറത്തുവരുകയും ചെയ്യും.
ഭാഷാ പരിമിതികൾ മറികടക്കാൻ സഹായിക്കുന്ന ബഹുഭാഷാ സൗകര്യമാണ് ഈ സ്മാർട്ട് ഗ്ലൗവിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇന്ത്യയിലെ 12 പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള ഓഡിയോ സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് ആപ്പിൽ തമിഴ് ഭാഷ തിരഞ്ഞെടുത്താൽ, ആംഗ്യങ്ങളിലൂടെ തമിഴിൽ സംസാരിക്കാൻ ഇതിലൂടെ സാധിക്കും.
റെഡ്ഫോക്സ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സി.ഇ.ഒയുമായ വിമുൻ.എ ആണ് ഈ നൂതന ആശയത്തിന് പിന്നിൽ. വൺ പേഴ്സൺ കമ്പനിയായി ആരംഭിച്ച ഈ സംരംഭത്തിൽ നിലവിൽ വിമുനെ കൂടാതെ മൂന്നുപേർ കൂടി പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള ഈ കണ്ടുപിടിത്തത്തിന് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി), കെ-ഡിസ്ക് എന്നിവയുടെ സാമ്പത്തിക സഹായവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഐഡിയ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഈ സാങ്കേതികവിദ്യയ്ക്ക് സമ്മിറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
Redfox Robotics has introduced an AI-powered smart glove that translates sign language into speech across 12 regional languages to aid communication
