ദക്ഷിണ കൊറിയയിലെ സൗത്ത് ഗ്യോങ്സാങ് പ്രവിശ്യയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും സംയുക്ത നിക്ഷേപങ്ങൾ നടത്താനും ഇന്ത്യൻ സംരംഭകർക്ക് വൻ അവസരങ്ങളുണ്ടെന്ന് കൊറിയ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇക്കണോമിക് പ്രൊമോഷൻ ഏജൻസിയിലെ ഓവർസീസ് ഇൻവെസ്റ്റ്മെന്റ് അട്രാക്ഷൻ ഡയറക്ടർ ഡോ. മിറാൻ (കേറ്റ്) കിം. പ്രവിശ്യയിൽ നിക്ഷേപം നടത്തുകയോ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 3.6 മില്യൺ ഡോളർ വരെയും വൻകിട നിക്ഷേപങ്ങൾക്ക് 14.3 മില്യൺ ഡോളർ വരെയും സബ്സിഡിയും ലഭിക്കും. അങ്കമാലിയിൽ സമാപിച്ച കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രതിരോധ-ബഹിരാകാശ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും സഹകരണത്തിന് വലിയ സാധ്യതകളാണുളളത്.ഇന്ത്യയുടെ തുറമുഖ-കപ്പൽ നിർമാണ വികസനത്തിനായി ഗ്യോങ്നാമിലെ ലോകോത്തര കപ്പൽശാലകളുമായും പങ്കാളിത്തം സ്ഥാപിക്കാനാകുമെന്നും ഡോ. മിറാൻ കിം വ്യക്തമാക്കി. കൊറിയയുടെ 80 ശതമാനം പ്രതിരോധ-ബഹിരാകാശ ഉൽപാദനവും നടക്കുന്ന പ്രവിശ്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ ബഹിരാകാശ ഏജൻസിയായ ‘കാസ’യ്ക്ക് കീഴിലുള്ള ഗവേഷണ-സംയുക്ത സംരംഭ അവസരങ്ങളും ഇന്ത്യൻ കമ്പനികൾക്ക് പ്രയോജനപ്പെടുത്താം.
ഇന്ത്യൻ സംരംഭകർക്ക് ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതുവരെയുള്ള എല്ലാ നടപടികൾക്കുമായി ഏകജാലക സംവിധാനം ഒരുക്കും. അവസരങ്ങൾ കണ്ടെത്തൽ, ഇന്ത്യ-കൊറിയ കമ്പനികളെ തമ്മിൽ ബന്ധിപ്പിക്കൽ, അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, അനുമതികൾ, സബ്സിഡികൾ തുടങ്ങി എല്ലാ ഭരണപരമായ സഹായങ്ങളും പ്രവിശ്യ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ ശേഷിയും ആഫ്രിക്കൻ വിപണികളും തമ്മിലുള്ള പാലമായി കേരളം പ്രവർത്തിക്കണമെന്ന് ലെസോത്തോ ഹൈക്കമ്മീഷണർ അഡ്വ. ലെബോഹാങ് വാലന്റൈൻ മൊച്ചാബ അഭിപ്രായപ്പെട്ടു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കെ-ഫോൺ തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങൾ ആഫ്രിക്കയ്ക്ക് മാതൃകയാണെന്ന് ഹൈക്കമ്മീഷണർ ചൂണ്ടിക്കാട്ടി. വിദേശ സാങ്കേതികവിദ്യകളുടെ വെറുമൊരു ഉപഭോക്താവായി ആഫ്രിക്ക തുടരില്ലെന്നും സാങ്കേതിക വികസനത്തിൽ സജീവ പങ്കാളിയാകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. സഹകരണം ശക്തമാക്കുന്നതിനായി ബിസിനസ് സംവാദങ്ങൾ, പ്രതിനിധി സംഘങ്ങളുടെ സന്ദർശനം, വിവിധ മേഖലകളിലെ പൈലറ്റ് പ്രോജക്ടുകൾ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ നടപ്പാക്കണമെന്നും അവർ നിർദ്ദേശിച്ചു.
ഭക്ഷ്യ-ഊർജ മേഖലകളിൽ പരസ്പരപൂരകങ്ങളായ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വ്യാപാരബന്ധം പുതിയ തലത്തിലേക്ക് വളരുകയാണെന്നും ഊർജം, ഖനനം, കാർഷിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യൻ സംരംഭകർക്ക് വൻ അവസരങ്ങളുണ്ടെന്നും അർജന്റീന എംബസിയിലെ ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ വിഭാഗം മേധാവി അഗതാ സാൽദിവർ പറഞ്ഞു. വിദേശ സംരംഭകർക്ക് ഉഗാണ്ടയിൽ കമ്പനി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ വ്യവസായ പാർക്കിൽ സ്ഥലം ലഭ്യമാകുമെന്ന് ഉഗാണ്ടൻ ഹൈക്കമ്മീഷണർ പ്രൊഫ. ജോയ്സ് കകുരമത്സി കികഫുണ്ട സമ്മിറ്റിൽ ചൂണ്ടിക്കാട്ടി. കൂടാതെ,100 ശതമാനം വിദേശ ഉടമസ്ഥത, നികുതി അടച്ച ശേഷം ലാഭം പൂർണമായും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം എന്നീ നേട്ടങ്ങളും സംരംഭകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും പുതിയ നിക്ഷേപ സാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സേവന കമ്പനിയായ ബ്ലൂക്ലൗഡാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി 18 സെഷനുകളിലായി നടന്ന സമ്മിറ്റിൽ 11 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ പങ്കാളികളായി. ബ്ലൂ ഇക്കോണമി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് എൻ്റർപ്രൈസ് ടെക്നോളജി, സെമികണ്ടക്ടറുകളും ഇന്നൊവേഷനും, ക്ലൗഡ് ഡാറ്റാ സെൻ്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ജനറേറ്റീവ് എ.ഐ, സൈബർ സുരക്ഷയും ഡിജിറ്റൽ ട്രസ്റ്റും, സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ ഇക്കോസിസ്റ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
South Gyeongsang Province offers Indian entrepreneurs up to $14.3M in subsidies and single-window support, highlighted at KGDTIS 2026 in Angamaly.
