വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ നിർണ്ണായക നീക്കവുമായി തമിഴ്നാട് സർക്കാർ. വിവിധ മേഖലകളിലായി 5.38 ബില്യൺ ഡോളറിലധികം (50,000 കോടിയിലധികം രൂപ) മൂല്യമുള്ള ഏകദേശം 70 നിക്ഷേപ കരാറുകൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ബ്രസീലിയൻ മോട്ടോർ നിർമ്മാതാക്കളായ ഡബ്ല്യു.ഇ.ജി (WEG) ഉൾപ്പെടെയുള്ള ആഗോള കമ്പനികൾ പുതിയ കരാറുകളിൽ ഒപ്പുവെക്കും. ഉൽപ്പാദനം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, ഹരിത ഊർജ്ജം, എൻജിനീയറിങ്, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സംഗമത്തിന്റെ ഭാഗമായി നടക്കുമെന്ന് വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

മുൻപ് പ്രഖ്യാപിച്ച നിക്ഷേപ വാഗ്ദാനങ്ങളെ പ്രാവർത്തികമാക്കാനും യഥാർത്ഥ മൂലധന നിക്ഷേപമാക്കി മാറ്റാനുമാണ് ഈ സംഗമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഓഗസ്റ്റിൽ നടന്ന ആദ്യ നിക്ഷേപക സംഗമത്തിൽ ഫ്രഞ്ച് കമ്പനിയായ സെന്റ്-ഗോബെയ്ൻ, യുഎസ് സെർവർ നിർമ്മാതാക്കളായ സൂപ്പർ മൈക്രോ കമ്പ്യൂട്ടർ എന്നിവരുമായി ഉൾപ്പെടെ 67,452 കോടി രൂപയുടെ നൂറോളം കരാറുകളിൽ തമിഴ്നാട് ഒപ്പുവെച്ചിരുന്നു. അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശ് അടുത്തിടെ 4.59 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് റിലയൻസ് ഇൻഡസ്ട്രീസുമായും, 2 ബില്യൺ ഡോളറിന്റെ രണ്ടാം പ്ലാന്റിനായി കിയ ഇന്ത്യയുമായും കരാറിൽ എത്തിയതിന് പിന്നാലെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ നിക്ഷേപങ്ങൾക്കായി കടുത്ത മത്സരം നടക്കുന്നതിനിടെയാണ് തമിഴ്നാടിന്റെ ഈ മുന്നേറ്റം.
Tamil Nadu is set to sign around 70 investment agreements worth over $5.38 billion across key industrial sectors at the VETTRI Conclave in Chennai

